ബ്രസല്‍സ് റെയില്‍വേ സ്റ്റേഷനില്‍ ഭീകരാക്രമണം; ചാവേറിനെ സൈന്യം വധിച്ചു

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ചെറു സ്ഫോടനം. ആക്രമണകാരിയായെന്നു സംശയിക്കുന്നയാളെ സുരക്ഷ സൈന്യം വെടിവച്ചു കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കോ വലിയനാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നു റിപ്പോര്‍ട്ടുകള്‍. നടന്നത് ഭീകരാക്രമണം ആണെന്ന് അധികൃതര്‍ പറയുന്നു. തീവ്രവാദിയന്നു സംശയിക്കുന്ന ചാവേറിനെ കൊലപ്പെടുത്തിയതിലൂടെയാണ് സംഭവിച്ചേക്കാമായിരുന്നു ദുരന്തം സുരക്ഷ സൈനികര്‍ വിഫലമാക്കിയത്.

അരയില്‍ സ്ഫോടകവസ്തു നിറച്ച ബെല്‍റ്റ് ചുറ്റിയ ഒരു ചെറുപ്പക്കാരനാണ് സ്ഫോടനം നടത്തിയതെന്നു ദൃക്സാക്ഷികള്‍ പറയുന്നു. സ്ഫോടനം നടത്തിയതിനു മുമ്പായി ഇയാള്‍ അല്ലാഹു അക്ബര്‍ എന്നു വിളിക്കുന്നുണ്ടായിരുന്നതായും ദൃക്സാക്ഷി മൊഴി. സ്ഫോടനവിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ വധിക്കുകയാണുണ്ടായത്. ഇയാളുടെ അരയില്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്ഥിതി ഇപ്പോള്‍ പൂര്‍ണ നിയന്ത്രണവിധേയമാണെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ചരിത്രപ്രസിദ്ധമായ ഗ്രാന്റ് പാലസ് സ്‌ക്വയറിനു സമീപമാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. വേനല്‍ അവധിയാഘോഷത്തിനായി നിരവധി ടൂറിസ്റ്റുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് ട്രെയിനുകള്‍ തിരിച്ചു വിടുകയും യാത്രക്കാരെ സുരക്ഷിതരായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ പറയുന്നു. ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല എന്നും അധികൃതര്‍ പറയുന്നു.

2016 മാര്‍ച്ച് 22 ന് ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ ട്രെയിനിലുമായി നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റായിരുന്നു സ്ഫോടനത്തിനു പിന്നില്‍. ഇതിനുശേഷം ബ്രസല്‍സില്‍ നടക്കുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണശ്രമമായിരുന്നു ചൊവ്വാഴ്ച രാത്രി സെന്‍ട്രല്‍ സ്റ്റേഷനില്‍ നടന്നത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടക്കുന്ന യൂറോപ്യന്‍ രാജ്യമാണ് ബെല്‍ജിയം.

 

എ എം

Share this news

Leave a Reply

%d bloggers like this: