ജയിലില്‍ പ്രത്യേക ഭക്ഷണം കിട്ടാന്‍ ശശികല രണ്ട് കോടി രൂപ കൈക്കൂലി നല്‍കി

എഐഎഡിഎംകെ അധ്യക്ഷയും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന വി കെ ശശികല നടരാജന്‍ കൈക്കൂലി നല്‍കി ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നേടിയെന്ന് പരാതി. കര്‍ണാടക ഡിജിപി സത്യനാരായണ റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.

ഇതില്‍ ഒരു കോടി രൂപ റാവുവിനും ബാക്കി ഒരു കോടി രൂപ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കുകയുമായിരുന്നുവെന്ന് ജയില്‍ ഡിഐജി രൂപ മൗഡ്ഗിലിനെ ഉദ്ധരിച്ച് ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തേക്കാണ് ശശികലയെ ശിക്ഷിച്ചിരിക്കുന്നത്. അവര്‍ കഴിയുന്ന സെന്‍ട്രല്‍ ജയിലിന്റെ വാര്‍ഡനും കൈക്കൂലി വാങ്ങിയതായാണ് രൂപയുടെ ആരോപണം. ഭക്ഷണം ഉള്‍പ്പെടെ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാണ് കൈക്കൂലി നല്‍കിയിരിക്കുന്നത്.

അതേസമയം റാവു ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കീഴുദ്യോഗസ്ഥ എന്ന നിലയില്‍ അച്ചടക്കരഹിതമായ പെരുമാറ്റമാണ് രൂപയില്‍ നിന്നുമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരോപണം തെളിയിക്കാന്‍ വേണ്ട രേഖകളും വിശദീകരണവും ആവശ്യപ്പെട്ട് താന്‍ അവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും റാവു അറിയിച്ചു.

ഫെബ്രുവരി 15 മുതല്‍ ജയിലില്‍ കഴിയുന്ന 59കാരിയായ ശശികലയ്ക്ക് അവിടെ രാജകീയ പരിചരണമാണ് ലഭിക്കുന്നതെന്ന് രൂപ പറയുന്നു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത, ശശികല, ശശികലയുടെ സഹോദരന്റെ ഭാര്യ എളവരശി, മരുമകന്‍ വി കെ സുധാകരന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് 2014 സെപ്തംബറിലാണ് വിചാരണക്കോടതി വിധിച്ചത്. ഫെബ്രുവരി 14ന് സുപ്രിംകോടതി ഈ വിധി ശരിവച്ചു. എന്നാല്‍ അപ്പോഴേക്കും ജയലളിത മരിച്ചിരുന്നു.

വാര്‍ഡന് കൈക്കൂലി നല്‍കിയതിനാല്‍ ശശികലയ്ക്ക് എല്ലാ ദിവസവും പ്രത്യേക ഭക്ഷണമാണ് ജയിലില്‍ ലഭിക്കുന്നത്. വനിത സെല്ലിന് സമീപമുള്ള പ്രത്യേക അടുക്കളയില്‍ പ്രത്യേക പാചക്കാരാണ് ശശികലയ്ക്കായി ഭക്ഷണം തയ്യാറാക്കുന്നതെന്നും രൂപ പറഞ്ഞതായി ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ രൂപ ദക്ഷിണേന്ത്യയില്‍ ജയില്‍ മേധാവിയായി നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ്. ജൂണ്‍ 23നാണ് ഇവര്‍ ജയില്‍ ന മേധാവിയായി നിയമിക്കപ്പെട്ടത്. ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ അനധികൃതമായ പല ഇടപാടുകളും നടക്കുന്നുണ്ടെന്നും കൈക്കൂലി ഇവിടെ സര്‍വസാധാരണമായിരിക്കുകയാണെന്നും രൂപ പറയുന്നു. തടവുകാര്‍ക്ക് മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നതും ചില തെരഞ്ഞെടുക്കപ്പെട്ട തടവുകാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതും ഇവിടെ പതിവാണ്. തടവുകാര്‍ക്കിടയില്‍ നടത്തിയ മയക്കുമരുന്ന് പരിശോധനയില്‍ 18 മുതല്‍ 25 പേരില്‍ വരെ പോസിറ്റീവ് ആയ റിസല്‍റ്റാണ് ലഭിച്ചത്.

അതേസമയം ചുമതലയേറ്റ് മൂന്ന് ആഴ്ചയ്ക്കകം രൂപയ്ക്ക് എങ്ങനെയാണ് ഇത്രയധികം കാര്യങ്ങള്‍ കണ്ടെത്താനായതെന്നാണ് റാവു ചോദിക്കുന്നത്. ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച തന്നെ വന്ന് കാണണമെന്ന് ഡിജിപി ജയില്‍ ഡിഐജിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: