നഴ്സ് സമരം തുടര്‍ന്നാല്‍ ആശുപത്രികള്‍ അടച്ചിടും; ഭീഷണിയുമായി മാനേജ്മെന്റുകള്‍

നഴ്സുമാരുടെ അനിശ്ചിതകാല സമരത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രികള്‍ അടച്ചിടാനൊരുങ്ങുന്നു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടനയാണ് തീരുമാനമെടുത്തത്. തീരുമാനപ്രകാരം തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടും. ഇന്ന് വൈകിട്ട് വിളിച്ചു ചേര്‍ത്തിരിക്കുന്ന പത്രസമ്മേളനത്തില്‍ സംഘടന പ്രതിനിധികള്‍ ഇത് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമായിരിക്കും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുക. അടിയന്തരഘട്ടങ്ങളിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നഴ്സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഭീഷണിപ്പെടുത്തി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് മാനേജ്മെന്റുകളുടെ നീക്കം.

സംസ്ഥാന വ്യാപകമായി പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ടാല്‍ ജനങ്ങള്‍ വലയുമെന്ന് ഉറപ്പാണ്. പനി രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ പോലും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നഴ്സുമാര്‍ സമരം ആരംഭിച്ചത്.

സമരം ചെയ്യുന്ന നഴ്സുമാര്‍ പലരും ജോലിയ്ക്കൊപ്പമാണ് സമരത്തില്‍ പങ്കെടുക്കുന്നത് എന്നതിനാല്‍ നഴ്സുമാരുടെ സമരം ഇതുവരെയും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടില്ല. ഈമാസം 17ന് നഴ്സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ആശുപത്രി മാനേജ്മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തെത്തിയിരിക്കുനന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: