ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡര്‍ സ്ഥിരമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് കാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ 417 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡര്‍ സ്ഥിരമായി ഉപയോഗിക്കുന്നത് അണ്ഡാശയ കാന്‍സറിനു കാരണമായി എന്ന് ഒരു യുവതി നല്‍കിയ പരാതിയില്‍ 417 മില്യണ്‍ ഡോളര്‍ (ഏകദേശം 2600 കോടി) നഷ്ടപരിഹാരം നല്‍കാന്‍ ലോസാഞ്ചലസ് ജൂറി കമ്പനിയോട് ആവശ്യപ്പെട്ടു. പൗഡര്‍ സ്ഥിരമായി വനിതകള്‍ ശുചിത്വത്തിനു വേണ്ടി ഉപയോഗിക്കുന്നത് കാന്‍സറിനു കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കാലിഫോര്‍ണിയക്കാരിയായ ഇവ എച്ചേവരിയയാണ് നിയമ നടപടിക്ക് മുതിര്‍ന്നത്.

പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് തനിക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ചതായി ഇവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഉത്പന്നങ്ങളില്‍ കൂടുതല്‍ മുന്നറിയിപ്പുകള്‍ രേഖപ്പെടുത്താന്‍ ഈ വിധി കമ്പനിയെ പ്രേരിപ്പിക്കുമെന്ന് ഇവയുടെ അഭിഭാഷകന്‍ മാര്‍ക് റോബിന്‍സണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മരണത്തോട് സമീപിച്ചു കൊണ്ടിരിക്കുന്ന തന്റെ കക്ഷി പതിറ്റാണ്ടുകളായി ഈ പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അണ്ഡാശയ കാന്‍സര്‍ രോഗബാധിതയായ രാജ്യത്തെ വനിതകളെ സഹായിക്കുക എന്നതു മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് റോബിന്‍സണ്‍ അറിയിച്ചു. തന്റെ കക്ഷിക്ക് ആരുടെയും സഹതാപം ആവശ്യമില്ലെന്നും, മറ്റു വനിതകള്‍ക്ക് ഉപകാരപ്രദമാകുന്ന സന്ദേശം ലഭ്യമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂറിയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ പോകുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വക്താവ് അറിയിച്ചു. രോഗബാധിതരോട് കമ്പനിക്ക് സഹതാപമുണ്ടെന്നും, ബേബി പൗഡറിന്റെ സുരക്ഷിതത്വത്തെ ശാസ്ത്രം ശരിവയ്ക്കുന്നുണ്ടെന്നും വക്താവ് തുടര്‍ന്നു. 2012 ല്‍ അണ്ഡാശയ കാന്‍സര്‍ കണ്ടെത്തിയ വിര്‍ജീനിയയിലെ ഒരു യുവതിക്ക് മേയില്‍ മിസൗറിയിലെ സെന്റ് ലൂയിസിലുള്ള ജൂറി 110.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചിരുന്നു. 40 വര്‍ഷം തുടര്‍ച്ചയായി പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് തനിക്ക് രോഗബാധയുണ്ടായതെന്ന് യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറമേ സെന്റ് ലൂയിസില്‍ മൂന്നു ജൂറികള്‍ 72 മില്യണ്‍ ഡോളര്‍, 70.1 മില്യണ്‍ ഡോളര്‍, 55മില്യണ്‍ ഡോളര്‍ വീതം സമാനമായ മൂന്നു കേസുകളില്‍ നഷ്ടപരിഹാരം വിധിച്ചിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: