ലണ്ടന്‍ മെട്രോ ട്രെയിനിലെ ഫോടനം; 18കാരന്‍ അഭയാര്‍ത്ഥി അറസ്റ്റില്‍; പിടിയിലായത് ഫ്രാന്‍സിലേക്ക് ഒളിച്ചു കടക്കുന്നതിനിടെ

ലണ്ടനിലെ ട്യൂബ് ട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു 18കാരന്‍ അറസ്റ്റില്‍ . വെള്ളിയാഴ്ച രാവിലെ 8.20ന് വെസ്റ്റ് ലണ്ടനിലെ പാഴ്സണ്‍സ് ഗ്രീനിലെ ട്യൂബ് ട്രെയിനില്‍ ബക്കറ്റ് ബോംബ് സ്ഫോടനം നടത്തി 29 പേര്‍ക്ക് പരുക്കേല്‍ക്കുന്നതിന് കാരണക്കാരനായ 18കാരന്‍ അഭയാര്‍ത്ഥിയെയാണ് അന്വേഷണ സംഘം പിടിച്ചത്. തന്റെ കൃത്യത്തിന് ശേഷം സുരക്ഷാ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് ട്രെയിന്‍ വഴി ഡോവര്‍ പ്രിയോറി റെയില്‍ വേ സ്റ്റേഷനിലെത്തുകയും അവിടെ നിന്നും ഡോവര്‍ തുറമുഖത്തിലെത്തി ഫെറിയില്‍ കയറി ഫ്രാന്‍സിലേക്ക് മുങ്ങാനും ഒരുങ്ങവെയാണ് പോര്‍ട്ടില്‍ വച്ച് പോലീസ് തന്ത്രപൂര്‍വം ഇയാളെ വലയിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് കാലമായി ഈ 18 കാരന്‍ അഭയാര്‍ത്ഥിക്ക് അഭയമേകിയിരുന്ന വീട്ടില്‍ തുടര്‍ന്ന് പോലീസ് ത്വരിത ഗതിയിലുള്ള റെയ്ഡ് നടത്തുകയും സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പെനെലോപ്ജോണ്‍സ് (71), അവരുടെ ഭര്‍ത്താവ് റൊണാള്‍ഡ്(88) എന്നിവരാണ് ഈ 18കാരന് അഭയം നല്‍കിയിരുന്നത്. എന്നാല്‍ തങ്ങള്‍ ഒരു ഭീകരനാണ് പാലൂട്ടി വളര്‍ത്തിയതെന്ന് ഈ ആക്രമണത്തിന് ശേഷമാണ് ഈ ദമ്പതികള്‍ മനസിലാക്കിയത്. 30 വര്‍ഷത്തിലായി നൂറു കണക്കിന് കുട്ടികള്‍ക്കാണ് ഇവര്‍ അഭയമേകിയിരിക്കുന്നത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്യാനായത് വലിയ കാര്യമാണെന്ന് ദേശീയ ഭീകരവിരുദ്ധ െപാലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ നെയ്ല്‍ ബാസു വ്യക്തമാക്കി. ഒരു സൂപ്പര്‍മാര്‍ക്കറ്റ് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന, ചെറുതായി കത്തിയ നിലയിലുള്ള ബക്കറ്റില്‍നിന്നും വയറുകള്‍ പുറത്തേക്ക് തള്ളിനിന്നിരുന്നതായി സംഭവത്തിനുശേഷം ലഭിച്ച ഫോേട്ടായില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ബോഗിയുടെ വാതിലിനടുത്താണ് ഇത് സൂക്ഷിച്ചിരുന്നതെന്നും ദൃക്‌സാക്ഷിയുടെ മൊഴിയില്‍നിന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്യൂബിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് 18 കാരനെ പിടികൂടിയിരിക്കുന്നത് നിര്‍ണായകമാണെന്നാണ് ഹോംസെക്രട്ടറി പറയുന്നത്. പക്ഷേ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇവിടെ നിര്‍ത്തില്ലെന്നും അത് മുന്നോട്ട് കൊണ്ടു പോകുമെന്നും ഹോം സെക്രട്ടറി പറയുന്നു. പ്രസ്തുത സംഭവത്തില്‍ മുന്‍വിധികളില്ലാതെയാണ് പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതെന്നാണ് അക്കാരണത്താല്‍ ആക്രമണത്തില്‍ കൂടുതല്‍ ആളുകളുണ്ടോയ എന്ന കാര്യം അന്വേഷിച്ച് വരുന്നുണ്ടെന്നുമാണ് മെട്രൊപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണറായ നെയില്‍ ബസു പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വമേറ്റെടുത്ത ഈ സ്ഫോടനത്തിന് ശേഷം യുകെയിലാകമാനം കടുത്ത ജാഗ്രതയാണ് പുലര്‍ത്തി വരുന്നത്.

അതേസമയം, സുപ്രധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഭീകരാക്രമണം വിരല്‍ചൂണ്ടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. തിരക്കേറിയ സമയത്ത് നടന്ന സ്‌ഫോടനത്തില്‍ 30 പേര്‍ക്കാണ് പൊള്ളലേറ്റത്. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ സ്റ്റേഷനിലെത്തിയ ട്രെയിനില്‍ രാവിലെ എട്ടു മണിയോടെയാണ് സ്‌ഫോടനം നടന്നത്. ബക്കറ്റില്‍വെച്ച സ്‌ഫോടകവസ്തു െപാട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശികമായി നിര്‍മിച്ച ബോംബ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ഭീകരര്‍ പരാജയപ്പെട്ടതിനാലാണ് വന്‍ ദുരന്തം വഴിമാറിയത്. ഒരു വര്‍ഷത്തിനിടെ ലണ്ടനില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ മേയില്‍ മാഞ്ചസ്റ്റര്‍ തെരുവില്‍ ഭീകരന്‍ നടത്തിയ വെടിവെപ്പില്‍ 22 പേരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന ന്യൂക്ലിയര്‍ പ്ലാന്റുകളിലും പ്രതിരോധ മന്ത്രാലയത്തിന്റെ തന്ത്രപ്രധാന മേഖലയിലും നൂറുകണക്കിന് സായുധസേനയെ നിയോഗിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ എല്ലാവിധ സ്വാതന്ത്ര്യവും പൊലീസിന് നല്‍കിയിട്ടുണ്ട്. അന്വേഷണത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: