ഇനി സ്ഥിരം തൊഴില്‍ ഇല്ല, തൊഴില്‍ സുരക്ഷ ഇല്ലാതാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

വ്യാവസായിക തൊഴില്‍ മേഖലയില്‍ സ്ഥിരം തൊഴില്‍ ഇല്ലാതാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് നിശ്ചിത തൊഴില്‍ കാലയളവ് അനുവദിക്കുന്ന വിജ്ഞാപനം പുറത്തിറക്കിയത്. ചുരുങ്ങിയ കാലയളവിലേയ്ക്ക് മാത്രം തൊഴിലാളികളെ നിയമിക്കാനും ഇത്തരത്തില്‍ നിയമിക്കുന്നവരെ പോലും രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി പിരിച്ചുവിടാനുമുള്ള അധികാരം തൊഴിലുടമയ്ക്ക് നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് കേന്ദ്ര ഭേദഗതി ചട്ടം 2018 ആണ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയത്.

നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും മിനിമം വേജസ് ആക്ട് ബാധകവുമായ എല്ലാ സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലും ബാധകമായ 1946ലെ സ്റ്റാന്‍ഡിംഗ് ഓര്‍ഡറാണ് ഭേദഗതി ചെയ്തത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയും ട്രേഡ് യൂണിയനുകളുമായി ആലോചിക്കാതെയുമാണ് മോദി സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടി. വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘപരിവാര്‍ ട്രേഡ് യൂണിയനായ ബിഎംഎസ് അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു.

വ്യവസായ ലോബിയില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭേദഗതി ധൃതിപിടിച്ച് കൊണ്ടുവന്നതെന്ന ആക്ഷേപം ശക്തമാണ്. ഏതൊരു തൊഴിലുടമക്കും തൊഴിലാളികളെ ഒറ്റയടിക്ക് ഒഴിവാക്കി യന്ത്രവത്കരണം നടത്താനും തൊഴില്‍ശാല പെട്ടെന്ന് അടച്ചുപൂട്ടാനും പുതിയ വിജ്ഞാപനത്തിലൂടെ സാധിക്കും. പരിചയസമ്പന്നരായ തൊഴിലാളികളുടെ സേവനം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന ഭേദഗതി വ്യവസായ സ്ഥാപനങ്ങളില്‍ അപകടം വര്‍ധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: