പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി യുഎസ് സെനറ്റിലെത്തി ടാമി ഡക്വര്‍ത്ത് ചരിത്രമെഴുതി

വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റ് സമ്മേളിക്കുന്നതിനിടെ പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി സഭയിലെത്തി സെനറ്റര്‍ ടാമി ഡക്വര്‍ത്ത് ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. അമ്പതു വയസുള്ള ടാമി ഉപരിസഭയില്‍ നാസ അഡ്മിനിസ്ട്രേറ്ററുടെ നോമിനേഷന്‍ സംബന്ധിച്ച വോട്ടിംഗില്‍ പങ്കെടുത്തപ്പോള്‍ കുഞ്ഞുമകള്‍ മെയ്ലി അമ്മയുടെ കൈകളില്‍ സുഖമായി ഉറങ്ങുകയായിരുന്നു. അമേരിക്കന്‍ സെനറ്ററായിരിക്കെ കുഞ്ഞിനു ജന്മം നല്‍കുന്ന ആദ്യ വനിത എന്ന ബഹുമതി കഴിഞ്ഞയാഴ്ചയാണ് ടാമി സ്വന്തമാക്കിയത്.

സഭയില്‍ കുഞ്ഞുങ്ങള്‍ക്കു പ്രവേശനം നല്‍കുന്നതു സംബന്ധിച്ച പ്രമേയം ബുധനാഴ്ച ഏകകണ്ഠമായി അമേരിക്കന്‍ സെനറ്റ് പാസാക്കിയതിന്റെ ദിവസങ്ങള്‍ക്ക് ശേഷമാണ് ടാമിയും കുഞ്ഞും സഭയിലെത്തിയത് എന്നതും ശ്രദ്ധേയമായി. പ്രസവകാലവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നയങ്ങളെപ്പറ്റി ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിനും ടാമിയുടെയും കുഞ്ഞിന്റെയും സഭയിലെ സാന്നിധ്യം കാരണമായിട്ടുണ്ട്. നവമാതാപിതാക്കള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി നല്‍കാത്ത ഏക വികസിത രാജ്യം അമേരിക്കയാണ്.

മെയ്ലിയെ കാണാന്‍ മറ്റു സെനറ്റര്‍മാര്‍ ടാമിക്കു ചുറ്റും കൗതുകത്തോടെ തടിച്ചു കൂടുകയുണ്ടായി. മാതാപിതാക്കളുടെ ജോലി ഏറെ കാഠിന്യം നിറഞ്ഞതാണെന്നും, സഭയുടെ നിയമങ്ങള്‍ അത് കൂടുതല്‍ കടുപ്പമേറിയതാക്കരുതെന്നും സെനറ്റിന്റെ റൂള്‍സ് കമ്മിറ്റി ചെയര്‍മാന്‍ റോയി ബ്ലന്റ് അഭിപ്രായപ്പെട്ടു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: