കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ, ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇതുസംബന്ധിച്ച ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡ്, തെളിവ് നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ (പോക്സോ) എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഇനി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കും. വധശിക്ഷ വ്യവസ്ഥ ചെയ്ത് പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു.

16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞശിക്ഷ 10 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി. ഇത് ജീവപര്യന്തമായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്. 20 വര്‍ഷം അല്ലെങ്കില്‍ ജീവപര്യന്തമാണ് 12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷയായി ഓര്‍ഡിനന്‍സ് നിര്‍ദേശിക്കുന്നത്. ഇതുവരെ പോക്‌സോ നിയമപ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ ജീവപര്യന്തമാണ്. കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷവും.

രാജ്യത്തെ പിടിച്ചുലച്ച കത്വ, ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുമെന്ന് കേന്ദ വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്യുന്നതോടെ ഇത് നിയമമാവുകയും ചെയ്യും. വര്‍ഷകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് ഇരുസഭകളും പാസാക്കപ്പെടുമെന്നാണ് പ്രതീക്ഷ.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: