ലിഗയുടെ കുടുംബത്തോട് പിണറായി മാപ്പ് പറയണമെന്ന് ഓ ഐ സി സി അയര്‍ലണ്ട് ഘടകം പ്രസിഡണ്ട്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ പോയ ലിഗ സ്‌ക്രോമന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള സര്‍ക്കാരും,മുഖ്യമന്ത്രിയും അവരുടെ കുടുംബാംഗങ്ങളോടും ഐറിഷ്,ലാറ്റ്വിയന്‍ സര്‍ക്കാരുകളോടും മാപ്പ് പറയണമെന്ന് ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം പ്രസിഡണ്ട് ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു ആവശ്യപ്പെട്ടു.

പ്രവാസി സമൂഹത്തിന് അപമാനകരമായ രീതിയിലാണ് പ്രശ്‌നത്തെ കേരളസര്‍ക്കാര്‍ കൈകാര്യം ചെയ്തത്.അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ലിഗ ഇവിടെയായിരുന്നപ്പോള്‍ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ഐസിയൂവിലായിരുന്നുവെന്നും മറ്റും ചാനല്‍ ചര്‍ച്ചകളില്‍ യാതൊരു ആധികാരികതയുമില്ലാത്ത തട്ടിവിടുന്ന പാര്‍ട്ടിയുടെ ന്യായീകരണ തൊഴിലാളികളെ കൊണ്ട് ഭരണകക്ഷിയും,മുഖ്യമന്ത്രിയും കൊലപാതകത്തെ ന്യായീകരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്പില്‍ വിദേശികള്‍ക്കോ ടൂറിസ്റ്റുകള്‍ക്കോ ലഭിക്കുന്ന പരിഗണനയുടെയും സംരക്ഷത്തിന്റെയും ഒരു ശതമാനമെങ്കിലും കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നല്കണമെന്ന് ഓഐസിസി അയര്‍ലണ്ട് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടെയും നിലപാട് കണ്ടാല്‍ വിദേശസഞ്ചാരികള്‍ കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ യാതൊരു സംരക്ഷണവും അവര്‍ക്ക് നല്‍കേണ്ടതില്ലെന്ന തോന്നലാണ് ഉണ്ടാവുക.കോടികണക്കിന് യൂറോ കേരളത്തിന് വരുമാനമായി നല്‍കുന്ന ടൂറിസ്റ്റുകളുടെ ജീവന് പോലും ഉത്തരവവാദിത്വം നല്‍കാന്‍ കേരളത്തിലെ സര്‍ക്കാരിന് കഴിവില്ലെന്ന യാദാര്‍ഥ്യമാണ് ലിഗയുടെ കൊലപാതകത്തിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ലിഗയുടെ സംഭവം പൊതുസമൂഹത്തിന് മുമ്പിലെത്തിച്ച അശ്വതി ജ്വാലയെപോലുള്ള പൊതു പ്രവര്‍ത്തകര്‍ക്ക് നേരെ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന സര്‍ക്കാര്‍ കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: