നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. കേസില്‍ പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. ദിലീപിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല. നടന്‍ ദിലീപടക്കം 12പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ദിലീപിന്റെ വാദത്തെ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് സൂചന.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: