യൂറോപ്യന്‍ യൂണിയന്‍ പകര്‍പ്പാവകാശ നിയമം; ഗൂഗിള്‍ സെര്‍ച്ചിന് വാര്‍ത്തകള്‍ക്ക് പണം നല്‍കേണ്ട അവസ്ഥ

സാങ്കേതിക ലോകത്ത് പൗരന്മാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ജിഡിപിആര്‍ നിയമം അവതരിപ്പിച്ചതിന് പിന്നാലെ പ്രമുഖ ടെക് കമ്പനികളെയെല്ലാം കുഴക്കുന്ന പുതിയ നിയമനിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്റെ പുതിയ പകര്‍പ്പാവകാശ നിയമത്തിന് പാര്‍ലമെന്റ് കമ്മറ്റി ബുധനാഴചയാണ് അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് വാര്‍ത്താ ശകലങ്ങള്‍ കാണിക്കുന്നതിന് ഗൂഗിള്‍ പണം നല്‍കേണ്ടിവരും. ഫെയ്സ്ബുക്ക് പോലുള്ള കമ്പനികള്‍ പകര്‍പ്പാവകാശം ലംഘിക്കുന്ന ഉപയോക്താക്കളെ തടയാനുള്ള സംവിധാനങ്ങള്‍ അവതരിപ്പിക്കേണ്ടതായി വരും.

ജിഡിപിആര്‍ നിയമം തന്നെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കിയത്. കര്‍ശനമായ മാര്‍ഗ നിര്‍ദ്ദേശങ്ങളോടുകൂടി പുതിയ പകര്‍പ്പാവകാശ നിയമം നിലവില്‍ വന്നാല്‍ ടെക് കമ്പനികള്‍ക്കെല്ലാം കടിഞ്ഞാണിടുന്നതായിരിക്കും അത്. വലിയ വിമര്‍ശനമാണ് പുതിയ നിയമത്തിനെതിരെ സാങ്കേതിക രംഗത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്. വേള്‍ഡ് വൈഡ് വെബ് നിര്‍മാതാവായ ടിം ബെര്‍മേഴ്സ് ലീ, വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ് എന്നിവരും വിമര്‍ശകരില്‍ ഉള്‍പ്പെടുന്നു.

പുതിയ നിയമം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിഘാതമാവുമെന്നാണ് പ്രധാന വിമര്‍ശനം. ഉപയോക്താക്കള്‍ക്ക് അവരുടെ സൃഷ്ടികള്‍ പങ്കുവെക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. നവീന ആശയങ്ങള്‍ക്കും പങ്കുവെക്കലുകള്‍ക്കും സ്ഥാനമുള്ള ഒരു തുറന്ന ഒരിടം എന്ന നിലയില്‍ നിന്നും ഉപയോക്താക്കളെ നിയന്ത്രിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്ന ഉപകരണം എന്ന സ്ഥിതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഈ നിയമം ഇന്റര്‍നെറ്റിനെ മാറ്റുമെന്ന് ബെര്‍നേഴ്സ് ലീ, ജിമ്മി വെയ്ല്‍സ് എന്നിവര്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ആന്റോണിയോ തജാനിയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഗൂഗിള്‍ ഉള്‍പ്പടെയുള്ള പ്രശസ്ത ടെക് കമ്പനികളും പുതിയ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമം ഗൂഗിള്‍ സെര്‍ച്ച് വഴിയും ഗൂഗിള്‍ ന്യൂസ് വഴിയുമെല്ലാം ഓണ്‍ലൈന്‍ വാര്‍ത്താ പ്രസിദ്ധീകരണങ്ങളിലേക്ക് ആളുകളെത്തുന്നതിന് തടസം സൃഷ്ടിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

അതേസമയം 2001 ല്‍ നിര്‍മിക്കപ്പെട്ട നിലവിലുള്ള പകര്‍പ്പാവകാശ നിയമങ്ങള്‍ കാലാഹരണപ്പെട്ടുവെന്നും പുതിയ നിയമങ്ങള്‍ അനിവാര്യതയാണെന്നും യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. ശക്തരായ ഓണ്‍ലൈന്‍ ഉള്ളടക്ക വിതരണക്കാര്‍ തുടര്‍ന്നുവരുന്ന സമ്പ്രദായത്തില്‍ വാര്‍ത്താ പ്രസാദകര്‍ക്കും, കലാകാരന്മാര്‍ക്കും, പ്രത്യേകിച്ച് ചെറുകിട കലാകാരന്മാര്‍ക്ക് പ്രതിഫലം ലഭിക്കുന്നില്ല. ഇത് ശരിയല്ല, ഇതിന് പരിഹാരം കാണാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കലാകാരന്മാര്‍ക്കും പ്രസാദകര്‍ക്കും നേട്ടമുണ്ടാക്കുന്നുവെന്ന് പുതിയ നിയമം ഉറപ്പുവരുത്തുമെന്നും യൂണിയന്‍ പറയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: