ലോകകപ്പ് കാണാന്‍ സൈക്കിളില്‍ ഒരു മലയാളി റഷ്യവരെ

റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങള്‍ എത്തിയിട്ടുണ്ട്. അവരില്‍ ഏറ്റവുമാദ്യം പുറപ്പെട്ടവരില്‍ ഒരാളായിരിക്കും ആലപ്പുഴ ചേര്‍ത്തലക്കാരനായ ക്ലിഫിന്‍ ഫ്രാന്‍സിസ്. ലോകകപ്പ് കാണാന്‍ ക്ലിഫിന്റെ യാത്ര തുടങ്ങിയത് നാലുമാസം മുമ്പ്. ഫെബ്രുവരി അവസാനത്തോടെ നാട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടു. ആദ്യം ദുബായിലെത്തി അവിടുന്ന് ഒരു സൈക്കിളൊപ്പിച്ച് ഇറാനിലേക്ക് യാത്ര തുടര്‍ന്നു. സൈക്കിളില്‍ ജനപഥങ്ങളും വിജനദേശങ്ങളും കാടും കുഴിയും പിന്നിട്ട് കഴിഞ്ഞദിവസം ക്ലിഫിന്‍ മോസ്‌കോയിലെത്തി. ഇനി കളി കാണണം. പറ്റിയാല്‍ പ്രിയതാരം മെസ്സിയെയും കാണണം.

ലോകഫുട്ബോള്‍ മത്സരം കാണാന്‍ 4200 കിലോമീറ്ററാണ് ക്ലിഫിന്‍ സൈക്കിളില്‍ സഞ്ചരിച്ചത്. ചെലവുകുറയ്ക്കാന്‍വേണ്ടിയാണ് സൈക്കിള്‍ യാത്ര തിരഞ്ഞെടുത്തത്. ആലപ്പുഴയില്‍നിന്ന് സൈക്കിളില്‍ പുറപ്പെടണമെന്ന് വിചാരിച്ചെങ്കിലും ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ദുബായിലേക്ക് വിമാനത്തില്‍ പോയി. അവിടെനിന്ന് ഏകദേശം 40000 രൂപ കൊടുത്ത് സൈക്കിള്‍ വാങ്ങി. തുടര്‍ന്ന് ഇറാന്‍, അസര്‍ബൈജാന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങള്‍ പിന്നിട്ട് റഷ്യയിലേക്ക്. മിക്ക ദിവസവും അതത് സ്ഥലത്ത് അപ്പപ്പോള്‍ പരിചയപ്പെടുന്ന സുഹൃത്തുക്കള്‍ക്കൊപ്പവും സ്വന്തമായി ഉണ്ടാക്കിയ ടെന്റിലുമായിരുന്നു താമസം. ഹോട്ടലിനെ ആശ്രയിച്ചത് അപൂര്‍വമായി മാത്രം.

സാമ്പത്തിക ഞെരുക്കവും വിസയുടെ നൂലാമാലകളുമെല്ലാം മറികടന്നാണ് യാത്ര ആസൂത്രണം ചെയ്തത്. പാകിസ്ഥാന്‍വഴിയും ചൈനവഴിയും റഷ്യക്കുപോകാനുള്ള വിസ കിട്ടാനുള്ള പ്രയാസമാണ് റൂട്ട് ദുബായ് വഴിയാക്കാന്‍ കാരണം. ഇറാന്‍-അസര്‍ബൈജാന്‍ ബോര്‍ഡറില്‍ വച്ച് എട്ടു മണിക്കൂറാണ് വെരിഫിക്കേഷനു വേണ്ടി ചെലവഴിക്കേണ്ടി വന്നത്. നിരന്തരമായ സൈക്കിള്‍ ചവിട്ടല്‍ മൂലം മുഖം കരിവാളിക്കുകയും, വല്ലാതെ ക്ഷീണിച്ചു പോകുകയും ചെയ്തത് കൊണ്ട് പാസ്പോര്‍ട്ടിലെ ഫോട്ടോയുമായി വലിയ വ്യത്യാസം വന്നിരുന്നു. എന്നിരുന്നാലും വളരെ ഊഷ്മളമായി തന്നെയാണ് ഈ പൊലീസുകാര്‍ ക്ലിഫിനോട് പെരുമാറിയത് എന്നു പറയുന്നു. അസര്‍ബൈജാനില്‍ ക്ലിഫിന്‍ നേടിയ സുഹൃത്തുക്കള്‍ അപ്രതീക്ഷിതമായ പ്രശ്നങ്ങളെ അതിജീവിക്കുവാനും കൂട്ടുണ്ടായിരുന്നു. ധാരാളം ഇന്ത്യക്കാരെ കണ്ടുമുട്ടിയ അനുഭവങ്ങളും ക്ലിഫിന്‍ പങ്കുവെക്കുന്നുണ്ട്. എണ്ണ കമ്പനികളില്‍ ജോലി ചെയ്യുന്നവരും, ബിസിനസുകാരും, ഹോട്ടല്‍ നടത്തിപ്പുകാരും അങ്ങനെ പലവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളെയും ക്ലിഫിന്‍ കണ്ടുമുട്ടി. ഇന്ത്യക്കാരനായ ഈ സൈക്കിള്‍ യാത്രക്കാരനെ തെല്ലൊരു അത്ഭുതത്തോടെയും പുഞ്ചിരിയോടെയുമാണ് എല്ലാവരും വരവേറ്റത്.

ചെലവുകുറഞ്ഞ യാത്രയിലൂടെ ലോകകാഴ്ചകള്‍ തേടുന്നതില്‍ കമ്പമുള്ള യുവാവ് വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെപ്പറിയുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ തല്‍പ്പരനല്ല. ചേര്‍ത്തല സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂളിലും തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കൊച്ചിയിലെ സ്ഥാപനത്തില്‍ കണക്കുമാഷായി ജോലിചെയ്യുന്ന ക്ലിഫിന്‍ അധികജോലിയെടുത്തും ട്യൂഷനെടുത്തുമാണ് യാത്രയ്ക്കു പണം സമാഹരിച്ചത്.

നേരത്തെ ടിസിഎസില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായി ജോലി നോക്കിയെങ്കിലും യാത്രയോടുള്ള പ്രണയത്തില്‍ അവിടംവിട്ടു. ക്ലിഫിന്റെ സഞ്ചാരപാതയിലൊക്കെ സമാനമനസ്‌കരായ സഞ്ചാരപ്രിയരുടെ സൗഹൃദവും ആതിഥേയത്വവുമുണ്ട്. ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കുന്ന യാത്രാനുഭവങ്ങള്‍ വായിച്ചും ആശംസകള്‍ നേര്‍ന്നും ഇങ്ങു കേരളത്തില്‍ സഞ്ചാരികളുടെ കൂട്ടായ്മയും കാത്തിരിക്കുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: