അയര്‍ലണ്ടിലെ എരുമേലി സ്വദേശികള്‍ സംശയത്തില്‍ : ആരാണ് ആ അജ്ഞാതന്‍

കൊച്ചി: മൂന്ന് മാസം മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് അയര്‍ലണ്ടില്‍ നിന്ന് അജ്ഞാതന്റെ ഫോണ്‍ കോള്‍ വന്നതായി സൂചന. ഇതിനെ തുടര്‍ന്ന് ജെസ്‌നയുടെ പിതാവിന്റെ സ്ഥാപനം കരാറെടുത്തു നിര്‍മിക്കുന്ന ഏന്തയാറിലെ വീട്ടില്‍ അന്വേഷണം നടത്തുകയും വീട്ടിനുള്ളിലെ മണ്ണ് പരിശോധനയ്ക്കയക്കുകയും ചെയ്തു.. അയര്‍ലന്‍ഡില്‍നിന്നുള്ള ഒരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണു പരിശോധന. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ച മണ്ണിന്റെ പരിശോധനാഫലം അടുത്ത ദിവസം ലഭിച്ചേക്കുമെന്നാണു സൂചന.

പ്രൈവറ്റ് നമ്പര്‍ എന്ന പേരില്‍ പൊലീസിന് ലഭിച്ച ഫോണ്‍ കോളില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് കോള്‍ അയര്‍ലണ്ടില്‍ നിന്നാണെന്ന് കണ്ടെത്തിയത്. അജ്ഞാതന്‍ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ജെസ്‌നയുടെ സമീപ വാസികള്‍ ആരെങ്കിലും ആണോ ഈ കോള്‍ ചെയ്തതെന്ന സംശയവും ഉയരുന്നുണ്ട്. ദൃശ്യം’ മോഡല്‍ സാധ്യതയാണു പോലീസ് പരിശോധിക്കുന്നത്. ഏതായാലും ദൃശ്യം സിനിമയുടെ സ്വാധീനം നാട്ടുകാരിലാണോ മറ്റാരെങ്കിലും ആണോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍.

ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്കായുള്ള വീടിന്റെ നിര്‍മാണക്കരാര്‍ ജെസ്‌നയുടെ പിതാവിന്റെ പങ്കാളിത്തത്തിലാണ്. ഈ വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്നും അതു ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.കഴിഞ്ഞ ഞായറാഴ്ച പോലീസ് ഇവിടെ പരിശോധന നടത്തിയെങ്കിലും മൂന്നു ദിവസത്തിനു ശേഷമാണു വിവരം പുറത്തുവിട്ടത്.

തെരച്ചിലിലെ പ്രാഥമിക നിഗമനം അന്വേഷണത്തിനു സഹായകമായിരുന്നില്ലെന്നാണ് അറിവ്. അയര്‍ലന്‍ഡില്‍നിന്നു വിളിച്ചയാള്‍ വീണ്ടും അന്വേഷണ സംഘത്തെ ബന്ധപ്പെടുകയും ഈ കെട്ടിടത്തിന്റെ തറ കുഴിച്ച്എന്തോ കടത്തിക്കൊണ്ടുപോയെന്ന് പോലീസിന് സൂചന നല്‍കിയതായി പറയപ്പെടുന്നു. ഇതു പൂര്‍ണമായും വിശ്വസിക്കുന്നില്ലെങ്കിലും നിജസ്ഥിതി പരിശോധിക്കാനാണു തീരുമാനം. വിവരം നല്‍കിയത് ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ല.ഏന്തയാറിലെ കെട്ടിടം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കാനും ആലോചിക്കുന്നു. ഈ കെട്ടിടത്തിന്റെ അടുക്കളഭാഗത്തെ മേല്‍മണ്ണ് ഇളകിയതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.

അതേസമയം, സൈബര്‍ സെല്ലിന്റെ സഹായത്തോടെയും പോലീസ് തെരച്ചില്‍ വിപുലീകരിച്ചിട്ടുണ്ട്. ജെസ്‌നയുടെ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, വിവരശേഖരണപ്പെട്ടികളില്‍നിന്നു ലഭിച്ച കത്തുകളിലെ വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും സൈബര്‍ സെല്‍ പരിശോധിക്കുന്നത്. ജെസ്‌ന സുഹൃത്തിന് അയച്ച ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടരാനാണു പോലീസ് തീരുമാനം. ജെസ്‌ന മൊബൈല്‍ സന്ദേശമയച്ച ആണ്‍സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തതില്‍ സംശയിക്കത്തക്ക വിവരങ്ങളുണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെയും നിലപാട്. ആവശ്യമെങ്കില്‍ നുണപരിശോധനയ്ക്കു ഹാജരാകാമെന്ന് ഇയാള്‍ ജെസ്‌നയുടെ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചിരുന്നു. ജെസ്‌നയുടെ ഫോണില്‍ ആണ്‍സുഹൃത്തിനു മാത്രമായി 1,000 കോളുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ജെസ്‌നയുടെ ആണ്‍ സുഹൃത്തിന്റെ പേരും മറ്റ് വിവരങ്ങളും പ്രമുഖ മാധ്യമങ്ങളും പോലീസും പുറത്തു വിട്ടിട്ടില്ല.

ഇതര സംസ്ഥാനങ്ങളില്‍ ജെസ്‌നയുടെ പോസ്റ്ററുകള്‍ പതിക്കുകയും ദുരൂഹസാഹചര്യങ്ങളില്‍ പെണ്‍കുട്ടിയെ കണ്ടാല്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു ഡിജിപിമാര്‍ക്കു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി ജെസ്‌നയ്ക്കു വേണ്ടി നടത്തിയ തിരച്ചിലില്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ തിരിച്ചുവിളിച്ചു. ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ ഇനി അവലോകനം ചെയ്യും.

അതേസമയം ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജെസ്‌നയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിച്ചെങ്കിലും സഹായകമാകുന്ന തരത്തിലുള്ള ഒരു തെളിവും ലഭിച്ചില്ലെന്ന് തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ജെസ്‌നയെ കണ്ടുവെന്ന് സന്ദേശങ്ങള്‍ ലഭിച്ച സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തി. എന്നാല്‍,ഒരിടത്തു പോലും കണ്ടത് ജെസ്‌നയെയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ജെസ്‌നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇത് ശരിയാണെന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 പേരെ ചോദ്യം ചെയ്തു. 120 പേരുടെ മൊഴി രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചതായും രേഖാമൂലം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇരുപത്തിയൊന്ന് വയസ്സായ പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള അന്വേഷണം തന്നെയാണ് പോലീസ് നടത്തുന്നത്. സാധ്യമായ തരത്തിലുള്ള അന്വേഷണങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്കിയ ഹേബിയസ്‌കോര്‍പസ് ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ നല്കിയ ഹര്‍ജി ജൂലൈ 4ന് കോടതി പരിഗണിക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: