100 മില്ലിയില്‍ കൂടുതല്‍ മരുന്ന് കൈയ്യിലുണ്ടെങ്കില്‍ ഡോക്ടറുടെ കുറിപ്പടി വേണം; ദുബൈ എയര്‍പോര്‍ട്ട് വഴി പോകുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ദുബൈ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ഹാന്റ്ബാഗിലാക്കി വിമാനത്തിനുളളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. പുതുതായി ചില സാധനങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജൂണ്‍ മുപ്പത് മുതല്‍ 350 മില്ലി അഥവാ 12 ഔണ്‍സില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയ്യില്‍ കരുതാനാവില്ല. യു.എസ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്നാണിത്. സ്മാര്‍ട്ട് ബാഗുകളുടെ നിരോധനം കഴിഞ്ഞ ജനുവരി മുതല്‍ നിലവിലുണ്ട്. ഇതിനുള്ളിലെ ലിഥിയം ബാറ്ററി തീപിടുത്തത്തിന് ഇടയാക്കും എന്ന് കണ്ടതിനെത്തുടര്‍ന്നാണിത്. കുഞ്ഞുങ്ങള്‍ ഒപ്പമില്ലെങ്കില്‍ ബേബി ഫുഡ് അനുവദിക്കില്ല. പാല്‍, സോയ മില്‍ക്ക് എന്നിവക്കൊക്കെ തീരുമാനം ബാധകമാണ്.

മരുന്നുകളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു സാധനം. 100 മില്ലിയില്‍ കൂടുതല്‍ മരുന്ന് കൈയ്യിലുണ്ടെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയും കൈയ്യിലുണ്ടാവണം. രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവയായിരിക്കുകയും വേണം. പെര്‍ഫ്യൂം അധികം അളവില്‍ കൊണ്ടുപോകാനാവില്ല. 20 സന്റെീമീറ്റര്‍ സമചതുരത്തിലുള്ള സുതാര്യമായ പ്ലാസ്റ്റിക് കൂടിനുള്ളില്‍ കൊള്ളുന്നത്ര ഒപ്പം കരുതാം. ഇതോടൊപ്പം ക്രിക്കറ്റ്, ബാഡ്മിന്റന്‍ തുടങ്ങിയ ബാറ്റുകള്‍, ചൂണ്ട, ഡ്രില്ലിങ് മെഷ്യന്‍, സൂപ്പുകള്‍, പെറോക്‌സൈഡുകള്‍, ബോഡി സ്‌പ്രേകള്‍, ലൈറ്ററുകള്‍, സൂചി, കൂടാരം ഉറപ്പിക്കാനുള്ള ആണികള്‍, ബീച്ച് ബാള്‍ എന്നിവയും കൊണ്ടുപോകാനാവില്ല.

ഒരു സാഹചര്യത്തിലും യു.എ.ഇയിലേക്ക് കൊണ്ടുവരാന്‍ അനുമതിയില്ലാത്ത സാധനങ്ങളുടെ പട്ടികയും ദുബൈ കസ്റ്റംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന്, ചൂതുകളിക്കുള്ള സാമഗ്രികള്‍, ആനകൊമ്പ് കാണ്ടാമൃഗത്തിന്റെ കൊമ്പ് തുടങ്ങിയവ. മൂന്ന് പാളികളുള്ള വല, കള്ളനോട്ട്, ഇസ്‌ലാമിക വിശ്വാസത്തിന് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍, റേഡിയോ, വാള്‍, ആയുധങ്ങള്‍, പടക്കോപ്പുകള്‍, സൈനിക ഉപകരണങ്ങള്‍, പടക്കവും മറ്റ് സ്‌ഫോടക വസ്തുക്കളും,ചെടികള്‍, തൈകള്‍, മണ്ണ്, ഉപയോഗിച്ച ടയറുകള്‍ തുടങ്ങിയവയാണത്‌.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: