വിവാദമായ ഓണ്‍ലൈന്‍ പകര്‍പ്പവകാശ നിയമം: യൂറോപ്യന്‍ പാര്‍ലമെന്റ് തള്ളി

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലെ സര്‍ഗാത്മകതയെയും പ്രസിദ്ധീകരണത്തെയും ശ്വാസം മുട്ടിക്കുമെന്ന ഇന്റര്‍നെറ്റ് ഭീമന്മാരുടെ ആക്ഷേപത്തിന് ഇടയാക്കിയ വിവാദ പകര്‍പ്പവകാശ പരിഷ്‌കാര നിയമം യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. ഫേസ്ബുക്കും യൂട്യൂബും ഗൂഗിളും ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് മാദ്ധ്യമങ്ങളില്‍ പകര്‍പ്പവകാശം കര്‍ശനമായി പാലിക്കാനുള്ള കടുത്ത വ്യവസ്ഥകളാണ് നിയമത്തിലുള്ളത്.

ഫ്രാന്‍സിലെ സ്ട്രോസ്ബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ പാര്‍ലമെന്റ് യോഗം 278നെതിരെ 318 വോട്ടുകള്‍ക്കാണ് നിയമം തള്ളിയത്. 31 അംഗങ്ങള്‍ വിട്ടു നിന്നു. ഇനി കരട് നിയമം കൂടുതല്‍ ചര്‍ച്ചയ്ക്കായി പാര്‍ലമെന്റ് വീണ്ടും പരിഗണിക്കും. യൂറോപ്യന്‍ യൂണിയനിലെ 28 അംഗരാജ്യങ്ങളില്‍ നിലവിലുള്ള നിയമം കൂടുതല്‍ കര്‍ശനമാക്കുകയായിരുന്നു ലക്ഷ്യം. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് ഭീമന്മാരും പ്രസാധകരും എല്ലാ വിധത്തിലുമുള്ള മാദ്ധ്യമ സ്ഥാപനങ്ങളും തമ്മിലുള്ള പോരാട്ടത്തിന് നിയമം കളമൊരുക്കുമായിരുന്നു. യൂറോപ്പിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഇതേചൊല്ലി കടുത്ത ഭിന്നതയുണ്ടായിരുന്നു.

വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്, വേള്‍ഡ് വൈഡ് വെബ് ( w w w )കണ്ടുപിടിച്ച ടിം ബെര്‍ണേഴ്‌സ് – ലീ, നെറ്റ് ന്യൂട്രാലിറ്റി വിദഗ്ദ്ധന്‍ ടിം വൂ, ഇന്റര്‍നെറ്റിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ വിന്റ് സെര്‍ഫ് എന്നിവരെല്ലാം പുതിയ നിയമത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. സാഹിത്യവും സംഗീതവും സിനിമയും വിഡിയോയും ഉള്‍പ്പെടെ പകര്‍പ്പവകാശമുള്ള പല സൃഷ്ടികളും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തന്നെ സുലഭമാണ്. ഇത് കര്‍ശനമായി തടയാനുള്ള നിയമത്തിലെ 11, 13 വ്യവസ്ഥകളാണ് വിവാദമായത്.

വാര്‍ത്താ ഏജന്‍സികളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ ലൈസന്‍സ് എടുക്കണം. ഗൂഗിളിനും ഫേസ് ബുക്കിനും മറ്റ് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്കും മറ്റ് ഏജന്‍സികളില്‍ നിന്നുള്ള എന്തും – പാട്ടും സിനിമയും വീഡിയോയും — പ്രസിദ്ധീകരിക്കാന്‍ പണം നല്‍കേണ്ടി വരും എന്നതാണ് 11ാം വകുപ്പ്.

പകര്‍പ്പവകാശലംഘനത്തിന് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വം. പകര്‍പ്പവകാശമുള്ളതൊന്നും ഈ മാദ്ധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാനാവില്ല. ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അതിന് അവ നിരന്തരം നിരീക്ഷിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കും. അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യേണ്ടി വരും. അത് മീം, റീമിക്സ് തുടങ്ങി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന സൃഷ്ടികളുടെ അന്ത്യം കുറിക്കും തുടങ്ങിയവയാണ് 13ാം വകുപ്പില്‍ സൂചിപ്പിക്കുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: