വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു, മലയാളികള്‍ ഉള്‍പ്പെടെ 330 പേര്‍ക്ക് പുതുജീവന്‍

ബംഗളൂരു- കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്കും ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കും പറക്കുകയായിരുന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ബംഗളുരു ആകാശത്തു നേര്‍ക്കു നേര്‍ കൂട്ടിയിടിയുടെ വക്കിലെത്തി. മുന്നറിയിപ്പു സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വിമാനങ്ങള്‍ വഴിമാറി.

ഏഴു കിലോമീറ്റര്‍ ദൂരമാണ് പറക്കുന്ന വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ പറക്കുന്ന ഉയരം ഉടന്‍ 200 അടി വ്യത്യാസത്തിലാക്കി. ചൊവ്വാഴ്ച നടന്ന സംഭവം ഇന്‍ഡിഗോ തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. സംഭവം വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ബെംഗളൂരുവിന്റെ വ്യോമപരിധിയിലാണു സംഭവമുണ്ടായത്. കോയമ്പത്തൂര്‍- ഹൈദരാബാദ് വിമാനത്തിനോടു 36,000 അടി ഉയരത്തിലേക്കും ബെംഗളൂരു -കൊച്ചി വിമാനത്തിനോട് 28,000 അടി ഉയരത്തിലേക്കും സഞ്ചാരപാത മാറ്റാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉത്തരവിട്ടു. ഇതനുസരിച്ചു പാത ക്രമീകരിക്കുന്നതിനിടെയാണ് അപകടം മുന്നില്‍കണ്ടത്. കോയമ്പത്തൂര്‍ ഹൈദരാബാദ് വിമാനം 27,300 അടിയിലും ബെംഗളൂരു- കൊച്ചി വിമാനം 27,500 അടിയിലും മുഖാമുഖം വന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം 200 അടിയിലേക്ക് ചെറുതായി.

അതിവേഗത്തില്‍ മുന്നേറുന്ന വിമാനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാധ്യത തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ മനസ്സാന്നിധ്യം കൈവിടാതെ ഇടപെടുകയായിരുന്നു. ഈ രണ്ടു വിമാനത്തിലും ടിസിഎഎസ് (ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം) സംവിധാനം ഉണ്ടായിരുന്നെന്നു പറഞ്ഞ കമ്പനി, ആകാശപാതയില്‍ ഇത്രയടുത്ത് എത്തിയതിനെപ്പറ്റിയുള്ള ചോദ്യങ്ങളോടു പ്രതികരിച്ചില്ല. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് (എഎഐബി) അന്വേഷണം ആരംഭിച്ചു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: