അക്രമി സംഘം ജെസിബി കൊണ്ട് തകര്‍ത്ത് കൊള്ളയടിച്ച താല സിറ്റിവെസ്റ്റിലെ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റ് വീണ്ടും തുറക്കുന്നു

ഡബ്ലിന്‍: അക്രമികള്‍ സംഘം ചേര്‍ന്ന് കൊള്ളയടിച്ച താല സിറ്റിവെസ്റ്റിലെ ഫോര്‍ച്ച്യൂസ് ടൌണ്‍ റോഡിലെ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റ് വീണ്ടും തുറക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അയര്‍ലണ്ടില്‍ എമ്മ കൊടുങ്കാറ്റ് ആഞ്ഞടിച്ച നേരത്ത് കൊടുംമഞ്ഞിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം അടച്ചിട്ടിരുന്ന സമയത്താണ് പ്രദേശവാസികളെന്നു കരുതപ്പെടുന്ന ഒരു സംഘം കട ഇടിച്ചു പൊളിച്ച ശേഷം സാധനങ്ങള്‍ കൊള്ളയടിച്ചത്. ലക്ഷക്കണക്കിന് യൂറോയുടെ നാശനഷ്ടമാണ് ഈ സംഭവത്തോടെ കമ്പനിക്കുണ്ടായത്. എന്നാല്‍ മികച്ച രീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തി ഓഗസ്റ്റ് 30 ന് അതെ സ്ഥലത്ത് ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കും.

എനര്‍ജി എഫിഷ്യന്‍സി സ്റ്റാന്‍ഡേര്‍ഡുകള്‍ നിലനിര്‍ത്തി അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്റ്റോര്‍ വീണ്ടും തുറക്കുന്നത്, എല്‍ഇഡി ലൈറ്റിംഗ്, സൂര്യനില്‍ നിന്നുള്ള അനാവശ്യമായ ചൂട് കുറയ്ക്കാന്‍ സെന്‍സര്‍ നിയന്ത്രിത സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്റ്റോര്‍ വലുപ്പവും പാര്‍ക്കിംഗ് സൗകര്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലിഡില്‍ സ്റ്റോറിലെ കൊള്ളയടി വന്‍ വാര്‍ത്തയായിരുന്നു. ജെസിബി ഉപയോഗിച്ച് ഭിത്തി തകര്‍ത്തശേഷം ഷട്ടര്‍ അടിച്ചു പൊളിച്ചാണ് അക്രമിസംഘം അകത്ത് കടന്നത്.മദ്യ കുപ്പികള്‍ അടക്കമുള്ള സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം സംഘം കൊള്ളയടിച്ചു.കുട്ടികള്‍ അടക്കമുള്ള അക്രമികള്‍ സാധനങ്ങള്‍ ചുമന്ന് മഞ്ഞിലൂടെ ഓടുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മഞ്ഞു കാരണം ഏറെ നേരം കഴിഞ്ഞാണ് ഗാര്‍ഡ പക്ഷെ സ്ഥലത്തെത്തിയത്.സ്ഥലത്തെത്തിയ ഗാര്‍ഡ സംഘത്തെ യുവാക്കളുടെ സംഘം കല്ല് കൊണ്ടും,സ്നോ ബോളുകൊണ്ടും എറിഞ്ഞോടിച്ചു.തുടര്‍ന്ന് കൂടുതല്‍ ഗാര്‍ഡ ഫോഴ്സ് സ്ഥലത്തെത്തിയാണ് അക്രമികളെ തുരത്തിയത്. സംഭവ സമയത്ത് കൂടെ നിന്ന എല്ലാ ജനങ്ങള്‍ക്കും കമ്പനി നന്ദി അറിയിച്ചു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: