എയര്‍ ഇന്ത്യ ബിസിനസ് ക്ലാസില്‍ മൂട്ട കടി; പ്രതിഷേധവുമായി യാത്രക്കാര്‍; വിമാന സര്‍വീസ് നിര്‍ത്തിവെച്ചു

മുംബൈ: മൂട്ടശല്യമെന്ന യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്.

ചൊവ്വാഴ്ചയാണ് മൂട്ടശല്യം സംബന്ധിച്ച് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്.ന്യൂആര്‍ക്കില്‍ നിന്നും മുംബൈയ്ക്കുള്ള യാത്രക്കിടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ കൈയില്‍ എന്തോ കടിച്ച പാടു കണ്ട മാതാപിതാക്കള്‍ സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കാണുകയായിരുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് ജീവനക്കാര്‍ എന്തോ മരുന്ന് തളിച്ചു. എന്നാല്‍ അല്‍പ സമയത്തിന് ശേഷം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു.

തുടര്‍ന്ന് ഇവരെ ഇക്കണോമി ക്ലാസില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റിലേക്ക് മാറ്റി. എന്നാല്‍ അവിടെ ലഭിച്ച സീറ്റ് വളരെ മോശമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സീറ്റുകള്‍ കീറിയതും ടി.വി സ്‌ക്രീന്‍ ഓഫാക്കാന്‍ സാധിക്കാത്തവിധം തകരാറിലായിരുന്നു. പിന്നീട് ജീവനക്കാര്‍ തുണി ഇട്ട് ടി.വി സ്‌ക്രീന്‍ മറയ്ത്തുകയായിരുന്നു. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നും ധനനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞയാഴ്ച ന്യൂആര്‍ക്ക്-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തിയ മറ്റൊരു വിമാനത്തിലും മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ മൂട്ട കടിച്ചെന്ന പരാതി കമ്പനിക്ക് ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ മൂട്ടകളുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: