ഐക്യ ജര്‍മനി മാതൃകയില്‍ ഐക്യ അയര്‍ലന്‍ഡ്; ബ്രെക്‌സിറ്റിനെ നേരിടാന്‍ അയര്‍ലന്‍ഡുകളുടെ ലയനം അനിവാര്യമായേക്കും

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നയരേഖയില്‍ ബ്രിട്ടന്‍ കടുത്ത തീരുമാനങ്ങളുമായി മുന്നേറുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ വടക്ക്-തെക്ക് അയര്‍ലന്‍ഡ് ലയനം പരിഗണനയില്‍. പ്രാദേശികമായും വംശീയമായും റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായി തുടരുന്ന ബന്ധം നിലനിര്‍ത്താന്‍ തെക്ക്-വടക്ക് ലയനം സാധ്യമാക്കാന്‍ അയര്‍ലന്‍ഡ് തന്നെ മുന്‍കൈ എടുത്തേക്കും.

തെരേസ്സ മേയ് തെക്കന്‍ അയര്‍ലന്‍ഡിന് നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ബ്രക്സിറ്റ് ധവളപത്രത്തില്‍ പ്രതിപാദിച്ചിരുന്നില്ല. ഇതോടെ കസ്റ്റംസ് മേഖലയില്‍ നേരത്തെയുള്ള തീരുമാനങ്ങള്‍ക്ക് വിപരീതമായി അയര്‍ലന്‍ഡ് പുതിയ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇരുരാജ്യങ്ങളും ഒന്നാകുന്നതോടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നത് ലയനത്തിന് അനുകൂല സാഹചര്യമൊരുക്കും.

സ്വാതന്ത്രപദവി നല്‍കിക്കൊണ്ട് വടക്കന്‍ അയര്‍ലണ്ടിനെ തെക്കിന്റെ ഭാഗമാക്കുന്ന യൂണിഫിക്കേഷന്‍ നടപടികള്‍ക്കായിരിക്കും അയര്‍ലാന്‍ഡ് ശ്രമിക്കുക. വടക്കിന് ലഭിച്ചിരുന്ന ആനുകൂല്യം, ബ്രിട്ടന്‍ യൂണിയനില്‍ നിന്നും പിന്മാറുന്നതോടെ ഇല്ലാതാകും. ഇത് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വടക്കന്‍ അയര്‍ലണ്ടില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.

ഇരു അയര്‍ലന്‍ഡുകളും ഒന്നാകുന്നത് സാമ്പത്തികമായും സാമൂഹികമായും തെക്കുവടക്കുകാര്‍ക്കിടയില്‍ ഗുണകരമായിരിക്കുമെന്ന് വിദഗ്ദ്ധ അഭിപ്രായങ്ങള്‍ പുറത്തുവന്നിരുന്നു. ജര്‍മ്മനിയുടെ ലയന മാതൃക അയര്‍ലന്‍ഡുകളുടെ കാര്യത്തിലും സാധ്യമാക്കാന്‍ കഴിയുമെന്ന് ഫിയനാഫോള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികള്‍ അഭിപ്രായപ്പെട്ടുവരികയാണ്.

ഇ.യു-വില്‍ നിന്നും പിന്മാറുന്നതോടെ യൂണിയന് നല്‍കേണ്ട സാമ്പത്തിക ബാധ്യതകള്‍ ബ്രക്സിറ്റ് നടപ്പിലാക്കാന്‍ ആവശ്യമായ സാമ്പത്തിക സ്രോതസ്സ് തുടങ്ങി തെരേസ്സ മേയ് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. ഇക്കൂട്ടത്തില്‍ വടക്കുകാര്‍ക്ക് വേണ്ടി ബ്രിട്ടന് എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ എന്നതിന് പോലും പ്രതീക്ഷയില്ല. ഈ സാഹചര്യത്തില്‍ യൂണിയന്റെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വതന്ത്ര പദവിയില്‍ തുടരാന്‍ വടക്കന്‍ അയര്‍ലന്‍ഡ് തയ്യാറായേക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: