മഹാരാഷ്ട്രയില്‍ കോളേജ് വിദ്യാര്‍ഥികളുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം; മരണസംഖ്യ ഇനിയും ഉയരും; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 250- 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. 34 പേര്‍ ബസിലുണ്ടായിരുന്നതായാണ് സൂചന. അധ്യാപകരും വിദ്യാര്‍ഥികളും സത്താറ ജില്ലയിലെ മഹാബലേശ്വറിലേക്ക് വിനോദയാത്ര പോകുമ്പോഴായിരുന്നു അപകടം. നിബിഡ വനത്തോട് ചേര്‍ന്നാണ് അപകടം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവിടേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് കിട്ടാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മാത്രമല്ല, അപകട വിവരം അധികാരികള്‍ അറിയാനും വൈകി.

അപകടത്തില്‍ പരുക്കേറ്റ യാത്രക്കാരിലൊരാളാണ് റോഡിലേക്ക് കയറിവന്ന് അപകടവിവരം വഴിയേ പോയവരെ അറിയിച്ചതെന്ന് സ്ഥലം എംഎല്‍എ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലത്തെക്കുറിച്ചും ബസ് അപകടത്തില്‍പ്പെട്ട കൊക്കയെക്കുറിച്ചും അറിവുള്ള പ്രദേശവാസികളായ യുവാക്കളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം. പുണെയില്‍നിന്നുള്ള ദുരന്തനിവാരണ സേനയുടെ യൂണിറ്റും അപകട സ്ഥലത്തെത്തി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം അറിയിച്ചു. അപകടത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ട് വേദനാജനകമാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഡികെ

Share this news

Leave a Reply

%d bloggers like this: