ആദ്യ ഇന്ത്യന്‍ സ്റ്റോറിന് വന്‍ സ്വീകാര്യതയെന്ന് ഐകിയ; ഇന്ത്യയില്‍ 25 സ്റ്റോറുകള്‍ കൂടി

 

ഹൈദരാബാദ്: അയര്‍ലണ്ടില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്വീഡിഷ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ഐകിയയുടെ ആദ്യ ഇന്ത്യന്‍ സ്റ്റോറിന് വന്‍ വരവേല്‍പ്പ്. ഇന്ത്യയിലേക്കുള്ള പ്രവേശനം അറിയിച്ചുകൊണ്ട് ഹൈദരാബാദിലാണ് ഐകിയയുടെ ആദ്യ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച ഗുണനിലവാരവും ന്യായവിലയുമടക്കം നിരവധി വാഗ്ദാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ 40,000 ഓളം ഉപഭോക്താക്കള്‍ ഹൈദരാബാദ് സ്റ്റോര്‍ സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്റ്റോര്‍ സ്ഥിതി ചെയ്യുന്ന ഹൈടെക് സിറ്റിയില്‍ ഇതുമൂലം കടുത്ത ഗതാഗതക്കുരുക്കും ഉണ്ടായി.

പ്രതിദിനം ശരാശരി 30,000-35,000 ഉപഭോക്താക്കളെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഐകിയ ഇന്ത്യയുടെ ഡെപ്യൂട്ടി സിഇഒ പട്രിക് ആന്റണി പറയുന്നു. ഇന്ത്യന്‍ സ്റ്റോറിലെ തങ്ങളുടെ ആദ്യത്തെ ഉപഭോക്താവിനെ ഇന്ത്യന്‍-സ്വീഡിഷ് പതാകകളും, സംഗീതവുമായാണ് കമ്പനി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. 2025 ഓടെ ഇന്ത്യയില്‍ 25 സ്റ്റോറുകള്‍ തുറക്കുന്നതിന് 10,500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ലറായ ഐകിയക്ക് 2013ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന സ്റ്റോറുകളുടെ എണ്ണം 40 ആക്കി ഉയര്‍ത്തുന്ന കാര്യം കമ്പനി നിലവില്‍ പരിഗണിച്ച് വരികയാണ്. പരിഷ്‌കരിച്ച നിക്ഷേപ പദ്ധതിയുമായി സര്‍ക്കാരിനെ ഉടന്‍ സമീപിച്ചേക്കും. നവി മുബൈയിലാണ് അടുത്ത സ്റ്റോര്‍ ഐകിയ തുറക്കുക. തുടര്‍ന്ന് ബെംഗളുരു ഡെല്‍ഹി, അഹമ്മദാബാദ്, സുററ്റ്,പുനെ,ചെന്നൈ,കൊല്‍ക്കത്ത എന്നീ നഗരങ്ങളിലും സ്റ്റോറുകള്‍ ആരംഭിക്കും.

ഇന്ത്യയില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലാണ് ഫര്‍ണിച്ചര്‍ മേഖലയിലേക്ക് തങ്ങള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നതെന്നാണ് ഐകിയ പറയുന്നത്. ഇന്ത്യന്‍ ഭവനങ്ങളെ കൂടുതല്‍ മനോഹരമാക്കുമെന്ന വാഗ്ദാനവുമായാണ് ഓരോ മുറികള്‍ക്കും വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളെ എന്തെങ്കിലുമൊക്കെ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് 400,000 സ്‌ക്വയര്‍ഫീറ്റ് സ്റ്റോര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി ഹബ്ബായ ഹൈടെക് സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റോര്‍ മധ്യവര്‍ഗക്കാരെയും സമ്പന്നരെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ പണത്തിന്റെ വലുപ്പം കണക്കിലെടുക്കിന്നില്ലെന്നും തങ്ങളുടെ സ്റ്റോര്‍ എല്ലാവര്‍ക്കുമുള്ളതാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം 7500 ഉല്‍പ്പന്നങ്ങളില്‍ 1000ത്തോളം എണ്ണം 200 രൂപയില്‍ താഴെ വിലയുള്ളവയാണ്.

ഓരോ ആളുകള്‍ക്കും തങ്ങളുടെ ഭവനങ്ങളിലേക്ക് വാങ്ങാന്‍ സാധിക്കുന്ന എന്തെങ്കിലുമൊക്കം സ്റ്റോറിലുണ്ടാവുമെന്ന് ഐകിയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഭവനങ്ങളോടുള്ള ഇന്ത്യക്കാരുടെ സ്നേഹം വളരെ വലുതാണെന്നും ചൈന, തായ്വാന്‍,കൊറിയ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്സവങ്ങളടക്കമുള്ള ഇന്ത്യക്കാര്‍ ആഘോഷിക്കുന്നത് വീടുകളിലാണെന്നും പട്രിക് ആന്റണി പറയുന്നു. നിലവില്‍ 49 രാജ്യങ്ങളില്‍ ഐകിയയ്ക്ക് സ്റ്റോറുകളുണ്ട്. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഈ സ്റ്റോറുകളെല്ലാം ഐകിയ ഒരുക്കിയിരിക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: