കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും പരാജയം എണ്ണിപ്പറഞ്ഞ് മന്‍മോഹന്‍ സിങ്

മോദി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും പരാജയം എണ്ണിപ്പറഞ്ഞ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ രൂക്ഷ വിമര്‍ശനം. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ബിജെപി സര്‍ക്കാരിനെതിരെയുള്ള ശക്തമായ കുറ്റപത്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ടു വെക്കുന്ന കണക്കുകള്‍ വ്യാജമാണെന്ന സൂചനയും മന്‍മോഹന്‍ സിങ് നല്‍കി. മോദിയുടെ സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ ചോദ്യം ചെയ്യത്തക്കതാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തൊഴിലവസരങ്ങളുടെ കാര്യത്തിലുള്ള കണക്കുകള്‍ പൊതുജനത്തെ തൃപ്തിപ്പെടുത്താന്‍ പോന്നവയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബില്യണ്‍കണക്കിന് ഡോളറിന്റെ കള്ളപ്പണം വിദേശത്തു നിന്നും തിരിച്ചുകൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ അതിനു വേണ്ടി യാതൊന്നും ചെയ്തില്ലെന്ന് സിങ് പറഞ്ഞു.

ജിഎസ്ടി ഏറ്റവും മോശമായാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും മന്‍മോഹന്‍സിങ് ചൂണ്ടിക്കാട്ടി. മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ എന്നീ പദ്ധതികള്‍ വ്യാവസായിക ഉല്‍പാദനത്തില്‍ വളര്‍ച്ചയുണ്ടാക്കാന്‍ പാകത്തില്‍ അര്‍ത്ഥവത്തായി മാറുകയുണ്ടായില്ല. ചെറുതും ഇടത്തരവുമായ വ്യാപാരങ്ങള്‍ക്ക് ഇപ്പോഴും ബിസിനസ് നടത്താന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

അയല്‍പ്പക്ക ബന്ധങ്ങള്‍ 2014നു ശേഷം വളരെ മോശമായ കാര്യവും മന്‍മോഹന്‍ സിങ് തന്റെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. രാജ്യത്തെ പരിവര്‍ത്തിപ്പിക്കുന്നതിനായി ശാസ്ത്രത്തെയും സാങ്കേതികതയെയും ക്രിയാത്മകമായി ഉപയോഗിക്കുന്നതില്‍ മോദി സര്‍ക്കാര്‍ അമ്പെ പരാജയപ്പെട്ടു. അക്കാദമിക സ്വാതന്ത്ര്യം ഇല്ലാതാക്കി. നമ്മുടെ സര്‍വ്വകലാശാലകളുടെ പഠനാന്തരീക്ഷം നശിപ്പിക്കപ്പെട്ടു. ഇതെല്ലാം മോദി സര്‍ക്കാരിനെതിരെയുള്ള ശക്തമായ കുറ്റപത്രമാണെന്നും ഈ വിഷയങ്ങളില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: