എംബസി മാറ്റം ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക്; യു.എസിനെ പിന്തുടരാനൊരുങ്ങി ഓസ്‌ട്രേലിയ

സിഡ്‌നി: ജറുസലേം വിഷയത്തില്‍ യു.എസിനുപിന്നാലെ ഇസ്രയേല്‍ അനുകൂല നിലപാടിനൊരുങ്ങി ഓസ്‌ട്രേലിയ. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ചൊവ്വാഴ്ച പറഞ്ഞു. സിഡ്‌നിയില്‍നടന്ന പത്രസമ്മേളനത്തിലാണ് മോറിസണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജറുസലേമിനെ ഇസ്രയേല്‍തലസ്ഥാനമായി അംഗീകരിക്കണമെന്ന നിര്‍ദേശത്തോട് തുറന്ന സമീപനമാണ് ഓസ്‌ട്രേലിയയ്ക്കുള്ളതെന്നും ഇസ്രയേലിലെ തങ്ങളുടെ നയതന്ത്രകാര്യാലയം ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രിസഭയിലും മറ്റുസഖ്യകക്ഷികളോടും ചര്‍ച്ചചെയ്ത് ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 70 വര്‍ഷങ്ങളായി ഓസ്‌ട്രേലിയ പിന്തുടരുന്ന വിദേശനയത്തെ അവഗണിക്കുന്നതാണ് ഓസ്‌ട്രേലിയയുടെ നീക്കം.

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തിന്റെ കേന്ദ്രബിന്ദുവാണ് ജറുസലേമിനുമേലുള്ള അവകാശത്തര്‍ക്കം. ഇത് ദ്വിരാഷ്ട്ര സമാധാന ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. എന്നാല്‍, ഈ ചര്‍ച്ചകള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നില്ലെന്ന കാര്യം തുറന്നുപറയുകയാണ്. അതുകൊണ്ടുതന്നെ അതേകാര്യം വീണ്ടും ചെയ്തുകൊണ്ട് വ്യത്യസ്തമായ ഫലം കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല. ഈസാഹചര്യത്തില്‍ ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുകയെന്ന തീരുമാനം വിവേകപൂര്‍വവും പ്രാവര്‍ത്തികവുമാണ് -മോറിസണ്‍ പറഞ്ഞു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ ഓസ്‌ട്രേലിയ തയ്യാറായ വിവരം ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു.

2017 ഡിസംബറിലാണ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിതപ്രഖ്യാപനം വന്നത്. അതിനുപിന്നാലെ ടെല്‍അവീവില്‍നിന്ന് തങ്ങളുടെ നയതന്ത്രകാര്യാലയവും യു.എസ്. ജറുസലേമിലേക്ക് മാറ്റി. യു.എസിനുപിന്നാലെ ഗ്വാട്ടിമാലയും പാരഗ്വായും നയതന്ത്രകാര്യാലയങ്ങള്‍ ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാരഗ്വായ് പിന്നീട് നിലപാട് മാറ്റി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: