കേന്ദ്രസര്‍ക്കാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നു ; റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെത്തുടര്‍ന്നുണ്ടായ അതൃപ്തിയാണ് കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. സര്‍ക്കാരിനെ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം.

ആര്‍ബിഐ നിയമം സെക്ഷന്‍ 7 പ്രയോഗിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് രാജി തീരുമാനത്തിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. പൊതുതാല്പര്യ പ്രകാരം ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനെ അനുവദിച്ചുകൊണ്ടുള്ള വകുപ്പാണ് ആര്‍ബിഐ നിയമം സെക്ഷന്‍ 7. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ അനാവശ്യമായി റിസര്‍വ്വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു എന്നാണ് ഊര്‍ജിതിന്റെ പരാതി. രാജി സംബന്ധിച്ച സ്ഥിരീകരണം ഊര്‍ജിതിന്റെയോ ധനമന്ത്രാലയത്തിന്റെയോ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല.

റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക് എന്നിച്ചത് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം റിസര്‍വ്വ് ബാങ്കിനാണ് എന്നായിരുന്നു ജയ്റ്റ്ലിയുടെ വിമര്‍ശനം. റിസര്‍വ്വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ബാങ്കില്‍ നേരിട്ട് ഇടപെടാന്‍ കഴിയുന്ന നിയമവ്യവസ്ഥയായ ഏഴാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിച്ചതാണ് പ്രശ്‌നം വഷളാക്കിയത്. ബാങ്കിന്റെ സ്വയംഭരണാവകാശത്തെ ബാധിക്കുന്ന നീക്കത്തോട് ആര്‍ബിഐ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് യോജിപ്പില്ല.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ട ലിക്വിഡിറ്റി, ദുര്‍ബലമായ ബാങ്കുകള്‍ക്കും ചെറുകിട-ഇടത്തരം കമ്പനികള്‍ക്കും വേണ്ട ധനകാര്യ ആവശ്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അടുത്തിടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമയാസമയങ്ങളില്‍ പൊതുതാത്പര്യങ്ങള്‍ പരിഗണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമോ അല്ലാതെയോ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന് നിര്‍ദേശങ്ങള്‍ നല്‍കാമെന്നാണ് ഏഴാം വകുപ്പ് പറയുന്നത്. എന്നാല്‍ സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം ഇന്നുവരെ കേന്ദ്രസര്‍ക്കാര്‍ ഈ വകുപ്പ് റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തെ ഫിനാന്‍സ് മാനേജ്മെന്റ് സംബന്ധിച്ചാണ് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. 2008-2014 കാലത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ബാങ്കുകള്‍ വായ്പകള്‍ നല്‍കിയത് റിസര്‍വ് ബാങ്ക് നിയന്ത്രിക്കാതിരുന്നതാണ് പെരുകുന്ന കിട്ടാക്കടത്തിന് കാരണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചിരുന്നു. കൂടാതെ ആഗോളമാന്ദ്യത്തിനു ശേഷം യുപിഎ സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പാടേ വിഴുങ്ങിയതും ദോഷകരമായിട്ടുണ്ടൈന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായ വിരല്‍ ആചാര്യ ആര്‍ബിഐ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ജയ്റ്റ്‌ലിയുടെ കുറ്റപ്പെടുത്തല്‍. ബാങ്കിന് സ്വയംഭരണം നിഷേധിക്കുന്നത് അപകടകരമാണെന്ന് ആചാര്യ ചൂണ്ടിക്കാട്ടി.
പിന്നാലെ യുഎസ് സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് ഫോറത്തില്‍ ആര്‍ബിഐയ്‌ക്കെതിരെ ധനമന്ത്രി പരസ്യമായി രംഗത്തുവരികയായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വളര്‍ച്ചാ ശരാശരിയായ 14 ശതമാനത്തില്‍ നിന്ന് വായ്പ 31 ശതമാനമായി കുതിച്ചുയര്‍ന്നുവെന്ന് ജയ്റ്റ്‌ലി ആരോപിച്ചു. ബാങ്കുകള്‍ നിയന്ത്രണമില്ലാതെ വായ്പ നല്‍കിയപ്പോള്‍ റിസര്‍വ് ബാങ്ക് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നുവെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

എന്നാല്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാത്ത പക്ഷം പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാനാകില്ലെന്നാണ് ആചാര്യയുടെ ആശങ്ക. സാമ്പത്തികസ്ഥിരത കൈവരിക്കാന്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഇതിനോട് കേന്ദ്രസര്‍ക്കാരിന് യോജിപ്പില്ല.

റിസര്‍വ് ബാങ്ക് നേതൃത്വവും ധനമന്ത്രാലയവും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇതിനു മുന്‍പേ തുടങ്ങിയതാണ്. റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ അവഗണിച്ച് നടപ്പാക്കിയ നോട്ട് നിരോധനത്തോട് റിസര്‍വ് ബാങ്ക് ഗവര്‍ണറായ ഊര്‍ജിത് പട്ടേലിന് യോജിപ്പുണ്ടായിരുന്നില്ല. റിസര്‍വ് ബാങ്കിനു മേല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നിയന്ത്രണശ്രമങ്ങള്‍ക്കും ആര്‍ബിഐ ഗവര്‍ണര്‍ എതിരാണ്. അടുത്ത വര്‍ഷം ഊര്‍ജിത് പട്ടേല്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കിട്ടാക്കടം 20 ലക്ഷം കോടി രൂപയിലേറെയായി വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ പഴിച്ച് രക്ഷപെടാന്‍ എന്‍ഡിഎ സര്‍ക്കാരിന് എളുപ്പത്തില്‍ സാധിക്കില്ല.

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: