അയര്‍ലണ്ടില്‍ ക്രിസ്മസ് രാവുകള്‍ വരവായി; വിപണികള്‍ ഉണര്‍ന്നു തുടങ്ങി; ദീപാലങ്കാരങ്ങള്‍ ആകര്‍ഷകമാകും

ഡബ്ലിന്‍: നവംബര്‍ ആരംഭിച്ചതോടെ അയര്‍ലണ്ടില്‍ ക്രിസ്മസ് വിപണി ഉണര്‍ന്നു തുടങ്ങി. ഉത്സവ പ്രതീതിയിലേക്ക് നാടും നഗരവും ആവേശം കൊള്ളുകയായി. ക്രിസ്തുമസിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ഐറിഷ് നിരത്തുകളില്‍ ഉത്സവഛായ പകര്‍ന്ന് വര്‍ണാഭമായ ലൈറ്റിങ് സംവിധാനം ഒരുക്കും. ഡബ്ലിനില്‍ 12 ഇടങ്ങളിലാണ് വൈദ്യുത വിളക്കുകളാല്‍ അലങ്കരിക്കപ്പെടുക. പുതിയ രീതിയിലാണ് ഇത്തവണ ലൈറ്റിങ് ക്രമീകരണമെന്ന് കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. സിറ്റി സ്ട്രീറ്റിലും കെട്ടിട സമുച്ചയങ്ങളിലുമായി ഓരോ ദിവസവും സൂര്യാസ്തമനം മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ ദീപാലങ്കാരങ്ങള്‍ തെളിയും.

സിറ്റി ഹാള്‍, ലിബര്‍ട്ടി ഹാള്‍, സിവിക് ഓഫീസ്, മാന്‍ഷന്‍ ഹൌസ്, കസ്റ്റം ഹൌസ് കെട്ടിടങ്ങളിലെല്ലാം ഇത്തവണ ലൈറ്റിങ് ഒരുക്കിയിട്ടുണ്ട്. കൂടാതെ സാമുവേല്‍ ബെക്കറ്റ് ബ്രിഡ്ജ്, മില്ലേനിയം ബ്രിഡ്ജ്, പാര്‍ലമെന്റ് സ്ട്രീറ്റ് ഭാഗങ്ങളിലും ക്രിസ്തുമസിനെ വരവേറ്റ് വെളിച്ചം വിതറും.157,800 ലോ പവര്‍ LED ലൈറ്റുകളും 15,780 മീറ്റര്‍ കേബിള്‍ ലൈറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഡബ്ലിനില്‍ ഇത്തവണ ക്രിസ്മസ് ദീപാലങ്കാരങ്ങളുടെ പ്രത്യേക സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ല.

കോര്‍ക്ക്,ഗോള്‍വേ,വാട്ടര്‍ഫോര്‍ഡ്,ലീമെറിക്ക് അടക്കമുള്ള പ്രധാന നഗരങ്ങളെല്ലാം ക്രിസ്മസ് പ്രഭ തെളിയിക്കാനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഗാല്‍വേ സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 150,000 യൂറോ ചിലവിടാണ് ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നത്. നവംബര്‍ 16 മുതല്‍ ഗാല്‍വേ മേഖലകളില്‍ വൈദ്യുത ദീപങ്ങള്‍ തെളിഞ്ഞു തുടങ്ങും.

ക്രിസ്സ്മസ് ലൈറ്റുകള്‍ അലങ്കരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ്. വൈദ്യുതി ലൈറ്റുകളില്‍ നിന്നും ഷോക്ക് ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ മുന്നറിയിപ്പ്. വീടിന് അകത്തും പുറത്തും സുരക്ഷിതമായ അലങ്കാര വിളക്കുകള്‍ വച്ചുപിടിപ്പിക്കാന്‍ വൈദഗ്ദ്യം ഉള്ളവരെ മാത്രം നിയോഗിക്കുക.

വീടിന് പുറത്ത് അലങ്കരിക്കുന്നവ കാലാവസ്ഥക്ക് യോജിച്ചതാണെന്ന് ഉറപ്പ് വരുത്താനും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്മസ് സീസണില്‍ മാര്‍ക്കറ്റില്‍ എത്തുന്ന ഇത്തരം വൈദ്യുതി അലങ്കാരങ്ങളില്‍ ഷോര്‍ട് സര്‍ക്യൂട്ട് സാധ്യത വളരെ കൂടുതലാണ്. വീടിന് പുറത്ത് മരങ്ങള്‍ക്കിടയിലും മറ്റും ലൈറ്റിംഗ് ചെയ്യുമ്പോള്‍ കുറഞ്ഞ വോള്‍ട്ടേജില്‍ ഉള്ള ട്രാന്‍സ്‌ഫോര്‍മര്‍ ആണ് ഉപയോഗിക്കേണ്ടത്. പ്ലാസ്റ്റിക് കേബിളുകള്‍ സുലഭമായി ലഭിക്കുന്ന അയര്‍ലണ്ടില്‍ അത് സുരക്ഷിതമല്ലെന്നാണ് വിദഗ്ദ്ധര്‍ അറിയിപ്പ് നല്‍കുന്നത്. ഉപരിതലത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളിലോ മരങ്ങളിലോ പ്ലാസ്റ്റിക് കേബിളുകള്‍ ഉപയോഗിക്കുന്നത് വീട്ടിലെ കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തും. മാത്രമല്ല വിന്റര്‍ സീസണില്‍ കാലാവസ്ഥക്ക് അനുയോജ്യമല്ല പ്ലാസ്റ്റിക് കേബിളുകള്‍. വാട്ടര്‍പ്രൂഫ്, ഐപി റേറ്റഡ്, ഹാര്‍ഡ് വയേര്‍ഡ്, റബ്ബര്‍ കേബിളുകള്‍ എന്നിവ ഉപയോഗിക്കുന്നത് തികച്ചും സുരക്ഷിതമായിരിക്കും. ഓരോ ക്രിസ്മസ്സ്‌കാലത്തും അയര്‍ലണ്ടില്‍ ഷോര്‍ട് സര്‍ക്യൂട്ട് മൂലം അപകടങ്ങള്‍ പതിവായതിനാലാണ് ഈ മുന്നറിയിപ്പ്.

 

Share this news

Leave a Reply

%d bloggers like this: