ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നിരങ്ങിനിങ്ങേണ്ടി വന്ന വീല്‍ചെയര്‍ മാരത്തോണ്‍ കായികതാരം നിയമനടപടികള്‍ക്ക്

ലണ്ടന്‍ ലൂട്ടന്‍ എയര്‍പോര്‍ട്ടിനെതിരെ നിയമനടപടികളുമായി അന്താരാഷ്ട്ര വീല്‍ചെയര്‍ മാരത്തോണ്‍ കായികതാരം ജസ്റ്റിന്‍ ലെവന്‍. ഹെര്‍ണിയേറ്റഡ് ഡിസ്‌കിന്റെ ഓപ്പറേഷനില്‍ സംഭവിച്ച പിഴവ് കാരണമാണ് ജസ്റ്റിന്റെ അരയ്ക്ക് താഴെ തളര്‍ന്നു പോയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലൂട്ടന്‍ എയര്‍പോര്‍ട്ടില്‍ വന്നു ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സ്വയം ചലിക്കുന്ന വീല്‍ചെയര്‍ അവിടെ എത്തിയില്ല. മറ്റൊരു കസേരയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ അദ്ദേഹത്തെ പുറത്തേക്ക് ഇറക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതിന് വിസമ്മതിച്ചു. അതില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. പകരം അദ്ദേഹം യാത്ര ചെയ്യാനൊരു ബഗ്ഗി ആവശ്യപ്പെട്ടെങ്കിലും അത് ലൂട്ടനില്‍ ഇല്ലായിരുന്നു.

ഇപ്പോള്‍ ജസ്റ്റിന്‍ സ്വന്തം വീല്‍ചെയര്‍ ലഭിക്കാത്തതിനാല്‍ ലൂട്ടന്‍ എയര്‍പോര്‍ട്ടിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് ബിബിസിയോട് വ്യക്തമാക്കി. ‘കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് ഞാന്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ തുടങ്ങിയത്. അവര്‍ എന്നെ കസേരയില്‍ ഇരിക്കാന്‍ നിര്‍ബന്ധിച്ചു. എനിക്കതില്‍ ഇരിക്കാന്‍ സാധിക്കുന്നില്ലായിരുന്നു.’- ജസ്റ്റിന്‍ പറഞ്ഞു.

സ്വന്തം കൈ ഉപയോഗിച്ചു ടെര്‍മിനലിന്റെ തറയിലൂടെ മുന്നോട്ട് പോകുന്ന ജസ്റ്റിന്റെ വീഡിയോ കാണാം. പിന്നീട് ടാക്‌സി സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഒരു ട്രോളിയുടെ സഹായവും അദ്ദേഹം നേടുന്നുണ്ട്. ‘ഞാന്‍ ഇതുവരെ യാത്ര ചെയ്ത വലുതും ചെറുതുമായ എല്ലാ എയര്‍പോര്‍ട്ടിലും എനിക്ക് യാത്ര ചെയ്യാന്‍ സ്വയം ചലിക്കുന്ന വീല്‍ചെയറോ ബഗ്ഗികളോ ഉണ്ടായിരുന്നു.’-അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിയുള്ളവരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്നാണ് ജസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യത്തിന് സഹാനുഭൂതിയുടെ ആവശ്യമില്ല. താനൊരു കായികതാരം ആയതു കൊണ്ട് ലോകം മുഴുവനും സഞ്ചരിക്കാറുണ്ട്. എന്നാല്‍, ലൂട്ടന്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായ ദുരനുഭവം പോലെ മുന്‍പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

‘എയര്‍പോര്‍ട്ടിലെ ഒറ്റ സ്റ്റാഫിനും എന്റെ അവസ്ഥ മനസ്സിലാക്കാനോ സഹായിക്കാനോ തോന്നിയില്ല. എനിക്ക് ഒരുപാട് ദേഷ്യം തോന്നി. എല്ലാ എയര്‍പോര്‍ട്ടിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കണം. എനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുത്. ഭിന്നശേഷിയുള്ളവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കണം. അവര്‍ സഹായത്തിന് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവരുത്.’- അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിയുള്ള യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ എയര്‍പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് കഴിയാത്തതിനാല്‍ എയര്‍പോര്‍ട്ടിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ ജസ്റ്റിന് വേണ്ട സഹായങ്ങള്‍ നല്‍കിയെന്നാണ് ലൂട്ടന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയിലൂടെ അറിയിച്ചത്.

‘വീല്‍ചെയര്‍ ഇല്ലാതെ ജസ്റ്റിന്‍ വിമാനം ഇറങ്ങിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങളുടെ ജീവനക്കാര്‍ അദ്ദേഹത്തിന് മറ്റൊരു വീല്‍ചെയര്‍ നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റിന്‍ അത് വേണ്ടെന്നു പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍, ഞങ്ങളുടെ ജീവനക്കാര്‍ അവര്‍ക്ക് ആവുന്നത് ചെയ്തിട്ടുണ്ട്.’- പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: