നോ ഡീല്‍ ബ്രെക്സിറ്റ് വന്നാലും ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന് ബ്രസല്‍സ്

ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന് ബ്രസല്‍സ്. ഒരു നോ ഡീല്‍ ബ്രെക്സിറ്റാണ് സാധ്യമാകുന്നതെങ്കില്‍ പോലും ഇത് നിലനില്‍ക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കാനും ഇളവുണ്ടെന്ന് പ്രസ്താവന പറയുന്നു. ഇതിനായി യുകെയുടെ സമ്മതം മാത്രമാണ് ആവശ്യമുള്ളതെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഹോളിഡേകള്‍ക്കായി പോകുന്നവര്‍ക്കും ടൂറിസം വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ഈ പ്രസ്താവന ആശ്വാസമാകുന്നത്.

അന്തിമ ധാരണയിലെത്താതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്തു പോകുകയാണെങ്കില്‍ ഇത് 2019 മാര്‍ച്ച് 30 മുതല്‍ പ്രാബല്യത്തിലുണ്ടാകും. ബ്രെക്സിറ്റ് ധാരണയിലെത്തിയാല്‍ പരിവര്‍ത്തന കാലപരിധിക്കു ശേഷം ഈ സംവിധാനം നടപ്പിലാകുമെന്നും ബ്രസല്‍സ് അറിയിക്കുന്നു. പരസ്പര സമ്മതത്തോടെയും വിവേചന രഹിതമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയിലേക്കും വിസ രഹിത യാത്രാ സൗകര്യം നല്‍കിയെങ്കില്‍ മാത്രമേ ഇത് നടപ്പാകൂ. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും യൂറോപ്യന്‍ പാര്‍ലമെന്റ് നിര്‍ദേശത്തിന് അംഗീകാരം നല്‍കുകയെന്നും പ്രസ്താവന പറയുന്നു.

ബ്രെക്സിറ്റില്‍ ഒരു ധാരണക്ക് മാത്രമാണ് ഇപ്പോഴും യൂറോപ്യന്‍ കമ്മീഷന്‍ മുന്‍ഗണന നല്‍കുന്നതെന്ന് വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മാന്‍ പറഞ്ഞു. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇവയ്ക്ക് പുരോഗതിയുണ്ടെങ്കിലും ധാരണയുടെ രൂപത്തിലേക്ക് അവ എത്തിച്ചേര്‍ന്നിട്ടില്ല. നോ ഡീല്‍ സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകളുണ്ടായി. ധാരണയ്ക്കായാണ് ശ്രമിക്കുന്നത്. എന്നാല്‍ എല്ലാ സാഹചര്യങ്ങളും നേരിടാന്‍ ബ്രസല്‍സ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: