20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ച് ഇരുമ്പെടുക്കാന്‍ കേന്ദ്ര പദ്ധതി

പഴയ വാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹന, സ്റ്റീല്‍ പുനരുപയോഗ നയങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. പഴയ വാഹനങ്ങള്‍ വാങ്ങി സ്റ്റീല്‍ പുനരുപയോഗ യോഗ്യമാക്കാനുള്ള പ്ലാന്റുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ പിഎംഒ നിര്‍ദേശം നല്‍കി. 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്നൊഴിവാക്കി മലിനീകരണം കുറയ്ക്കുകയും സ്റ്റീല്‍ ഇറക്കുമതി ലാഭിക്കുകയുമാണ് ലക്ഷ്യം. 2000നു മുന്‍പു റജിസ്റ്റര്‍ ചെയ്ത 7 ലക്ഷത്തിലേറെ വാണിജ്യവാഹനങ്ങള്‍ നിരത്തിലുണ്ട്.

കഴിഞ്ഞ വര്‍ഷം വാഹനനിര്‍മാതാക്കള്‍ ഇറക്കുമതി ചെയ്തത് 60 ലക്ഷം ടണ്‍ സ്റ്റീലാണ്. നയ നിലപാടുകള്‍ ആകര്‍ഷകമായാല്‍ ഇറക്കുമതി കുറയ്ക്കാനാകും. പുനരുപയോഗ പ്ലാന്റുകള്‍ വഴി പഴയ വാഹനങ്ങള്‍ വാങ്ങി ഇരുമ്പു വേര്‍തിരിക്കുകയാണ് ആദ്യ പടി. പഴയ വാഹനങ്ങള്‍ക്ക് ആകര്‍ഷക വില നല്‍കും. വേര്‍തിരിക്കുന്ന ഇരുമ്പ് താരതമ്യേന കുറഞ്ഞ വിലയ്ക്കു വാഹന നിര്‍മാതാക്കള്‍ക്കു കൈമാറും. പദ്ധതി പ്രകാരം നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കു നികുതിയിളവുണ്ടാകും. വാഹനവില 15% കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.

സ്റ്റീല്‍ മന്ത്രാലയവുമായി സഹകരിച്ചു വാഹനനിര്‍മാതാക്കളായ മഹീന്ദ്ര ഗ്രേറ്റര്‍ നോയ്ഡയില്‍ ആദ്യ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ മൂന്നെണ്ണം ഉള്‍പ്പെടെ നാലു പ്ലാന്റുകള്‍ നിര്‍മാണദശയിലാണ്. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി പ്ലാന്റുകള്‍ രാജ്യവ്യാപകമാക്കാനാണു പിഎംഒ സ്റ്റീല്‍ മന്ത്രാലയത്തോടാവശ്യപ്പെട്ടിരിക്കുന്നത്.

ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണു പഴയ വാഹനങ്ങള്‍ വാങ്ങി റീസൈക്കിള്‍ ചെയ്തു വാഹനനിര്‍മാതാക്കള്‍ക്കു നല്‍കുകയെന്ന ആശയം 2 വര്‍ഷം മുന്‍പു മുന്നോട്ടു വച്ചത്.വിദേശത്തുനിന്ന് ഉപേക്ഷിച്ച ഇരുമ്പു സാമഗ്രികള്‍ ഇറക്കുമതി ചെയ്യാനും അദ്ദേഹം പ്രാഥമിക പദ്ധതി തയാറാക്കി. രാജ്യം വിദേശമാലിന്യത്തിന്റെ ചവറ്റുകുട്ടയാകുമെന്ന വിമര്‍ശനമുയര്‍ന്നതോടെ പദ്ധതി മന്ദഗതിയിലാവുകയായിരുന്നു.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: