ജീവകാരുണ്യ പ്രസ്ഥാനമായ ഷെയറിങ് കെയറിനു പുതിയ നേതൃത്വം

കോര്‍ക്ക്: അയര്‍ലണ്ടില്‍ കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെയറിങ് കെയറിന്റെ ഒന്‍പതാമത് വാര്‍ഷിക പൊതുയോഗം കോര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാത്രമായി 2009-ല്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രസ്ഥാനമാണ് ഷെയറിങ് കെയര്‍. അയര്‍ലണ്ടിലെക്കു കുടിയേറിയ ഇന്ത്യക്കാരുടെ ദാനധര്‍മ്മത്തിന്റെയും ത്യാഗമനോഭാവത്തിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ് ഷെയറിങ് കെയര്‍. ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലയിലൂന്നിയാണ് ഷെയറിങ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി താങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് ചികിത്സ മുടങ്ങുകയോ, തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുന്ന ദരിദ്രരില്‍ ദരിദ്രരായ മനുഷ്യര്‍ക്ക് തങ്ങളാലാവുന്ന സഹായം ചെയ്യാന്‍ ഷെയറിങ് കെയര്‍ ശ്രദ്ധിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി പാലക്കാട് ജില്ലയിലെ പൂഞ്ചോല ജി.എല്‍.പി സ്‌കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍(സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തവ) മുടങ്ങാതെ വിതരണം ചെയ്തു വരുന്നു. ഈ വര്‍ഷം ആദ്യം കുടലില്‍ വൃണം ഉണ്ടാവുന്ന ക്രോണസ് ഡിസീസ് എന്ന അസുഖം ബാധിച്ച കേരളത്തില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന് ചികിത്സയ്ക്കാവശ്യമായ സഹായം ചെയ്തിരുന്നു. പ്രധാനമായും ഇന്ത്യയിലും അയര്‍ലണ്ടിലുമായിട്ടാണ് പ്രവര്‍ത്തനം. ഷെയറിങ് കെയറിന്റെ സ്ഥിരം അംഗങ്ങള്‍ ആയിട്ടുള്ളവരില്‍ നിന്നുള്ള മെമ്പര്‍ഷിപ്പ് ആണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന സാമ്പത്തിക സ്രോതസ്സ്. കൂടാതെ, അയര്‍ലണ്ടിലെ നല്ലവരായ ജനങ്ങള്‍ നല്‍കുന്ന സംഭാവനയും ഓണ്‍ലൈനായും അല്ലാതെയും ഷെയറിങ് കെയര്‍ നടത്തുന്ന ധനസമാഹരണവും വഴി ലഭിക്കുന്ന തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് വിനിയോഗിക്കപ്പെടുന്നത്.

അയര്‍ലണ്ടിലെ ചാരിറ്റി രെജിസ്‌ട്രേഷന്‍ പാലിച്ചുകൊണ്ട് സ്വന്തം ഭരണഘടനയനുസരിച്ചു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഷെയറിങ് കെയര്‍. അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സംഘടനയുടെ ഭരണം നിര്‍വഹിക്കുന്നത് അതിന്റെ എക്ക്‌സികുട്ടീവ്(The Executive) ആണ്. സംഘടനയുടെ ഒന്‍പതാമത് വാര്‍ഷിക പൊതുയോഗം നവംബര്‍ 24 ആം തിയതി കോര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. ചെയര്‍മാന്‍ ജോബി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിനു തോമസ് 2017-18 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രെഷറര്‍ ജിജോ പെരേപ്പാടന്‍ തര്യന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംഘടനയുടെ പ്രവര്‍ത്തനപരിധിയില്‍പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന, വിവിധ രോഗങ്ങളാലും മറ്റും കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം ഒരു പ്രധാന പ്രശ്‌നമാണെന്നും അതുകൊണ്ടു സഹായിക്കാന്‍ സന്മനസുള്ളവര്‍ മുന്നോട്ടു വരണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. 2018-19 വര്‍ഷത്തേക്കുള്ള ഭരണസമിതിയില്‍, ഫാ.പോള്‍ തെറ്റയിലിനെ ചെയര്‍മാനായും ജിജോ രാജുവിനെ സെക്രട്ടറിയായും ജിജോ പെരേപ്പാടന്‍ തര്യനെ ട്രെഷററായും യോഗം തെരഞ്ഞെടുത്തു. സമിതിയിലെ മറ്റ് അംഗങ്ങള്‍ ശൈലേഷ് ബാബു( വൈസ് ചെയര്‍മാന്‍), രാജേഷ് സഖറിയ(ജോയിന്റ് സെക്രട്ടറി), ദേവസ്യ പടനിലം ചെറിയാന്‍(Organisational Affairs), റോജോ ജോര്‍ജ്ജ് പുറപ്പന്താനം(Public Relations) എന്നിവരാണ്.

‘അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം മനുഷ്യസ്‌നേഹികളായ ആളുകളുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് ഷെയറിങ് കെയര്‍. പാവങ്ങള്‍ക്ക് നന്മ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി ഒന്നുവേറെ തന്നെയാണ്. പാവങ്ങളെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയ ഇടമാണ് ഷെയറിങ് കെയര്‍’- നാലു വര്‍ഷം സംഘടനയെ നയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു ജോബി ജോസ്.

‘ഒരു വിദേശ രാജ്യത്ത്, വളരെയധികം നിയന്ത്രണങ്ങളുള്ള ഒരു മേഖലയില്‍, നിയമപരമായ എല്ലാ നിബന്ധനകളും, പ്രത്യേകിച്ച്, അക്കൗണ്ടബിലിറ്റിയോടുകൂടി സുതാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നത് ചെറിയ കാര്യമല്ല. ഷെയറിങ് കെയറിന്റെ ഭാഗമാണെന്നതില്‍ അഭിമാനവും ചാരിതാര്‍ഥ്യമുണ്ടെന്നു’ സ്ഥാനമൊഴിയുന്ന സെക്രട്ടറി ബിനു തോമസ് പറഞ്ഞു.

‘സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടു വരുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ പലപ്പോഴും സാമ്പത്തികം തടസ്സമാകാറുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു തവണ ഓണ്‍ലൈനായി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. നല്ല പ്രതികരണമാണ് ഉണ്ടായത്. അത് വലിയ ഒരു സഹായമായിരുന്നു. കൂടുതല്‍ പണം ലഭിച്ചാല്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഷെയറിങ് കെയറിനു സാധിക്കും’ – ട്രെഷറര്‍ ജിജോ പെരേപ്പാടന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഷെയറിങ്ങ് കെയറിനെ സഹായിക്കുന്ന നല്ലവരായ എല്ലാവരോടും നന്ദി പറയുന്നതോടൊപ്പം തുടര്‍ന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും പുതുതായി ചുമതലയേറ്റ ഫാ.പോളും ജിജോ രാജുവും അഭ്യര്‍ത്ഥിച്ചു.

 

 

 

 

വാര്‍ത്ത: റോജോ ജോര്‍ജ്ജ്.

Share this news

Leave a Reply

%d bloggers like this: