പ്രവാസി വോട്ട് ബില്ല്; ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാസാകുമെന്ന് സൂചന

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പകരക്കാരെവെച്ച് വോട്ടുചെയ്യാന്‍ (മുക്ത്യാര്‍ വോട്ട്) പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ലഭിച്ചേക്കും. വോട്ടര്‍പട്ടികയില്‍ പേരുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് മുക്ത്യാര്‍ വോട്ട് അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ബില്‍ നേരത്തേ ലോക്സഭ അംഗീകരിച്ചിരുന്നു.

തുടര്‍ന്ന്, പ്രവാസി വ്യവസായി ഡോ. വി.പി. ഷംസീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി. ജനപ്രാതിനിധ്യ ഭേദഗതിബില്‍ രാജ്യസഭ അംഗീകരിച്ചശേഷം രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. ചട്ടം തയ്യാറാക്കി വിജ്ഞാപനം ചെയ്യുന്നതോടെയാണ് നിയമം പ്രാബല്യത്തിലാവുക.

തിരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പെങ്കിലും ചട്ടം തയ്യാറായാല്‍ മാത്രമേ മുക്ത്യാര്‍ വോട്ട് നടപ്പാക്കാനാകൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ അറിയിച്ചിരുന്നു. മുക്ത്യാര്‍ വോട്ടിനോട് അനുകൂലസമീപനമാണ് കമ്മിഷനും സ്വീകരിച്ചത്. പകരക്കാരെ ഏര്‍പ്പെടുത്തി വോട്ടുചെയ്യിക്കുന്നത് ഏതുരീതിയിലാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് ചട്ടം തയ്യാറായാലേ വ്യക്തമാകൂ. നിലവില്‍ സൈനികര്‍ക്കാണ് മുക്ത്യാര്‍ വോട്ടുള്ളത്. അവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ മുക്ത്യാറാക്കാം. ഒരാള്‍ക്ക് ഒന്നിലേറെ സൈനികരുടെ മുക്ത്യാര്‍ ആവുകയും ചെയ്യാം. എന്നാല്‍, പ്രവാസികള്‍ക്കും ഇതേ മാതൃകയാണോ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് വ്യക്തമല്ല.

2013-ലാണ് പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്. ജനപ്രാതിനിധ്യനിയമത്തിലെ 20-എ വകുപ്പ് ചോദ്യംചെയ്താണ് അഡ്വ. ഹാരിസ് ബീരാന്‍ വഴി ഷംസീര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രവാസികള്‍ക്ക് വോട്ട് നിഷേധിക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: