ഡബ്ലിനില്‍ 1500 റോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ടെക് ഭീമന്മാരായ സെയില്‍സ്ഫോഴ്സ്

ഡബ്ലിന്‍: സോഫ്റ്റ്വെയര്‍ ഭീമന്മാരായ സെയില്‍സ്ഫോഴ്സ് അയര്‍ലണ്ടില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡബ്ലിനിലെ നോര്‍ത്ത് വാള്‍ ക്വായ് ഏരിയയില്‍ പുതിയ ക്യാംപസ് സൃഷ്ടിക്കുന്നു. 1500 ലധികം തൊഴിലവസരങ്ങള്‍ ഇതോടെ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി ലിയോ വരേദ്കറാണ് കമ്പനിയുടെ അയര്‍ലണ്ടിലെ നിക്ഷേപത്തെപ്പറ്റി പ്രഖ്യാപനം നടത്തിയത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി അയര്‍ലണ്ടില്‍ സൃഷ്ടിക്കുന്ന ഏറ്റവും വലിയ തൊഴിലവസരമാണ് ഇതെന്ന് മന്ത്രി ജോസഫ മാഡിഗന്‍ പറഞ്ഞു.

നിലവില്‍ അയര്‍ലണ്ടിലെ ഇവരുടെ കമ്പനിയില്‍ ആയിരത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാന്‍ഡിഫോര്‍ഡില്‍ 2000 ത്തിലാണ് കമ്പനിയുടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം ആരംഭിച്ചത്. ഡബ്ലിനിലെ ലിയോപാര്‍ഡ്‌സ്‌ടൌണില്‍ 2013 ല്‍ കമ്പനിയുടെ ഓഫീസ് തുറന്നപ്പോള്‍ നൂറോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. യൂറോപ്പിലെ കമ്പനിയുടെ വിജയത്തിന് അയര്‍ലന്‍ഡ് മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവിഡ് ഡെംപ്‌സി അറിയിച്ചു.

ഭാവിയില്‍ ജോലിചെയ്യാനാഗ്രഹിക്കുന്ന മികച്ച നൂറ് കമ്പനികളുടെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ സെയില്‍സ്‌ഫോഴ്സും സ്ഥാനം പിടിച്ചിരുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയില്‍ ലോകത്തെ മികച്ച കമ്പനികളില്‍ ഒന്നാണിത്. ടൈം മാസികയെ ഏറ്റെടുത്തും കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഗൂഗിള്‍, ഫേസ്ബുക്, ആമസോണ്‍, തുടങ്ങിയ ടെക് ഭീമന്മാര്‍ അയര്‍ലണ്ടിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് സെയില്‍സ്‌ഫോഴ്സിന്റെ പ്രഖ്യാപനം ഉണ്ടാകുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: