യുഎഇ ഔദ്യോഗികമായി സന്ദര്‍ശിക്കുന്ന ആദ്യ പോപ്പാകാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ; ചരിത്ര സന്ദര്‍ശനമെന്ന് കത്തോലിക്ക സഭ

”ഈ സന്ദര്‍ശനം ലോകം എക്കാലവും ഓര്‍ക്കും, അറേബ്യന്‍ നാടുകള്‍ ഔദ്യോഗികമായി സന്ദര്‍ശിക്കാനെത്തിയ ആദ്യത്തെ പോപ്പ് എന്ന് ചരിത്രം ഫ്രാന്‍സിസ് മാര്‍പാപ്പയെ വാഴ്ത്തും, ഈ അടുത്തകാലം വരെ ഒരു പോപ്പിനും ചിന്തിക്കാന്‍ പോലും വയ്യാതിരുന്ന ഒരു സന്ദര്‍ശനമാണിത്. അറബ്യയിലെ ക്രിസ്ത്യാനികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന അസുലഭ മുഹൂര്‍ത്തം…!” ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യുഎഇ സന്ദര്‍ശനത്തെ ദക്ഷിണ അറേബ്യന്‍ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ സ്വാഗതം ചെയ്യുന്നതിങ്ങനെയാണ്.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനിന്റെ ക്ഷണം സ്വീകരിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചരിത്ര സന്ദര്‍ശനം നടത്തുന്നത്. സമാധാനത്തിന്റെയും, വിവിധ വിശ്വാസ സമൂഹങ്ങള്‍ തമ്മില്‍ ഇടകലര്‍ന്നു ജീവിക്കേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതിക്കൊണ്ട് 2019 സഹിഷ്ണുത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള യുഎഇ ആഘോഷ പരിപാടികളുടെ ഭാഗമായാണ് പോപ്പ് എത്തുന്നത്. ഇന്ന് വൈകിട്ടോടെ അബുദാബിയിലെത്തുന്ന പോപ്പ് 12,000 പേരെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ തയ്യിബിനൊപ്പം പോപ്പ് പ്രതീകാത്മകമായി ഒരു ക്രിസ്ത്യന്‍ പള്ളിയ്ക്കും ഒരു മുസ്ലീം പള്ളിക്കും തറക്കല്ലിടും. അവിടെ വെച്ച്, രണ്ട് വിശ്വാസങ്ങള്‍ കൊണ്ടുനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ മത നേതാക്കള്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഉടമ്പടികള്‍ ഒപ്പു വെയ്ക്കും.

യുഎഇ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയെന്ന് ലോകം പ്രകീര്‍ത്തിക്കുമ്പോഴും സഹിഷ്ണുത വര്‍ഷം ആഘോഷിക്കുമ്പോളും വ്യാപകമായ ആക്ഷേപങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നുവരുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഒരു വിഭാഗം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ അപലപിക്കുന്നത്. സമാധാനം കാംഷിക്കുന്നുവെന്ന് പറയുമ്പോഴും യെമന്‍ യുദ്ധവുമായി ബന്ധപ്പെട്ട യുഎഇയുടെ ഇടപെടലുകള്‍ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന വിമര്‍ശനം ശക്തമാണ്.

ഞങ്ങള്‍ മനുഷ്യത്വത്തിലും മൂല്യങ്ങളിലും ഉറച്ച വിശ്വസിക്കുന്നവരാണ്, ഈ ചരിത്ര സന്ദര്‍ശനം അപര വിശ്വാസങ്ങളെ കുറിച്ചുള്ള മനസിലാക്കലുകള്‍ മെച്ചപ്പെടു ത്തി, സഹിഷ്ണുത വളര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഞങ്ങളുടെ മണ്ണിലേക്ക് സ്വാഗതം എന്ന് യു എ ഇ വൈസ് പ്രസിഡന്റ് ഭരണാധികാരി വൈസ് പ്രസിഡന്റും ദുബായ് ഭരണത്തലവനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വീറ്റ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: