വെനസ്വലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; യുഎസിന്റെ സഹായം തടയരുതെന്ന് പ്രതിപക്ഷ നേതാവ്

വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കൊളാസ് മദൂറോയെ പുറത്താക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി യുഎസ്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വെനിസ്വേലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ യു.എസ് പ്രമേയം അവതരിപ്പിച്ചു. വെനിസ്വേലയുടെ ആഭ്യന്തരകാര്യങ്ങളില്‍ യു.എസ് ഇടപെടുന്നതിനെതിരെ റഷ്യ പ്രമേയമവതരിപ്പിച്ചതിനു മറുപടിയായാണിത്.

സമാധാനമായി പ്രതിഷേധിക്കുന്നവരെ സൈനികരെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. അതിനായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ മദൂറോയെ അട്ടിമറിക്കാന്‍ സൈന്യത്തെ കൂറുമാറ്റാനുള്ള ശ്രമവും യു.എസ് നടത്തുന്നതായി സൂചനയുണ്ട്. സ്ഥാനമൊഴിയാന്‍ സമ്മര്‍ദം ചെലുത്തുന്നതിനായി മദൂറോ സര്‍ക്കാറിനെതിരെ കൂടുതല്‍ ഉപരോധങ്ങളുടെ പണിപ്പുരയിലാണെന്നും മുതിര്‍ന്ന വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.

വെനിസ്വേലയിലെ സൈനിക നേതൃത്വവുമായി നേരിട്ട് ചര്‍ച്ച നടത്തിയാണ് യു.എസ് പ്രതിപക്ഷത്തേക്ക് കൂറുമാറാന്‍ ആവശ്യപ്പെട്ടത്. നേരത്തേ രണ്ടു സൈനിക മേധാവികള്‍ പ്രതിപക്ഷ നേതാവ് യുവാന്‍ ഗയ്‌ദോക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. സൈന്യത്തെ ചാക്കിട്ടുപിടിക്കുന്നതോടെ മദൂറോയെ പുറത്താക്കാമെന്നാണ് യു.എസിന്റെ കണക്കുകൂട്ടല്‍. സൈന്യത്തിലെ ഭൂരിഭാഗം അംഗങ്ങളും ഇപ്പോഴും മദൂറോയോട് കൂറുപുലര്‍ത്തുന്നവരാണ്. പ്രതിപക്ഷത്തേക്കു കൂറുമാറിയാല്‍ തങ്ങള്‍ക്കെതിരെ മദൂറോ ഭരണകൂടം സ്വീകരിക്കുന്ന ശിക്ഷാനടപടികളെ കുറിച്ച് ബോധ്യമുള്ളവര്‍ യുഎസിന്റെ വാഗ്ദാനം സ്വീകരിച്ചിട്ടില്ല. കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങളുമായി സമീപിച്ചാല്‍ മാത്രമേ അവര്‍ക്ക് ധൈര്യം വരുകയുള്ളൂവെന്നാണ് അമേരിക്കയിലെ ചിന്തകരിലൊരാളായ എറിക് ഫ്രാന്‍സ് വര്‍ത് അഭിപ്രായപ്പെടുന്നത്.

അതേസമയം വെനിസ്വേലയിലേക്കുള്ള മാനുഷിക സഹായം തടയരുതെന്ന് പ്രതിപക്ഷനേതാവ് യുവാന്‍ ഗൊയ്‌ദോ സൈന്യത്തോട് ആവശ്യപ്പെട്ടു. അത് മാനുഷികതക്കെതിരായ കുറ്റകൃത്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസില്‍നിന്നുള്ള സഹായം സൈന്യത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കൊളംബിയന്‍ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണ്. പ്രസിഡന്റ് നികളസ് മദൂറോയും ഗൊയ്‌ദോയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ വെനിസ്വേല കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്. യു.എസും ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും അടുത്തിടെ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച ഗൊയ്‌ദോക്കാണ് പിന്തുണ നല്‍കുന്നതെങ്കിലും സൈന്യം മദൂറോക്കൊപ്പമാണ്.

അതിനിടെ, രാജ്യത്തിനു പുറത്ത് മദൂറോ പൂഴ്ത്തിവെച്ച സമ്പത്തിന്റെ ഉറവിടം വെളിച്ചത്താക്കാന്‍ യൂറോപ്യന്‍ സഖ്യരാജ്യങ്ങളുടെ സഹായം തേടിയിരിക്കയാണ് യു.എസ്. യു.എസിനൊപ്പം ചേര്‍ന്ന് ഗയ്‌ദോയെ പിന്തുണക്കാന്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങി 20 യൂറോപ്യന്‍ രാജ്യങ്ങള്‍ വെനിസ്വേലന്‍ വിഷയത്തില്‍ യു.എസിനൊപ്പമാണ്. യു.എസിന്റെയും യൂറോപ്യന്‍ സഖ്യരാജ്യങ്ങളുടെയും കടുംപിടിത്തത്തിനു പകരം, മിതവാദത്തിലൂന്നിയുള്ള പരിഹാരമാര്‍ഗങ്ങളാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തേടുന്നത്. ഭരണ~പ്രതിപക്ഷ ചര്‍ച്ച, പൊതുതെരഞ്ഞെടുപ്പ് എന്നിവയാണ് അവര്‍ മുന്നോട്ടുവെക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.

Share this news

Leave a Reply

%d bloggers like this: