അംഗീകൃത ഡ്രൈവര്‍ ഇല്ലാതെ വാഹനമോടിച്ച് ഗാര്‍ഡയുടെ പിടിയിലായത് നിരവധിപേര്‍; പുതിയ നിയമം പ്രാബല്യത്തില്‍ വന്നത് അറിയാതെ ഡ്രൈവര്‍മാര്‍

ഡബ്ലിന്‍: അംഗീകൃത ഡ്രൈവര്‍മാര്‍ ഒപ്പമില്ലാതെ ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ളവര്‍ വാഹനമോടിക്കുന്നത് കുറ്റകരമാകുന്ന നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇതുവരെ 377 കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഗാര്‍ഡ. കഴിഞ്ഞ ഡിസംബറിലാണ് ഐറിഷ് നിരത്തുകളില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ റോഡ് ഗതാഗത നിയമം പ്രാബല്യത്തില്‍ വന്നത്. ഇത് പ്രകാരം മിനിമം രണ്ട് വര്‍ഷത്തെ ലൈസന്‍സുള്ള അംഗീകൃത ഡ്രൈവര്‍മാര്‍ ഒപ്പമില്ലാതെ ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ളവര്‍ വാഹനമോടിക്കുന്നത് നിയമ ലംഘനത്തിന്റെ പരിധിയില്‍ പെടും. പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഈ നിയമ വ്യവസ്ഥ ബാധകമാണ്.

പുതിയ ഗതാഗത നിയമം തെറ്റിക്കുന്ന വാഹന ഉടമയ്ക്ക് 1000 യൂറോ പിഴയോ, 6 മാസം തടവോ അല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുകയോ ചെയ്യും. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഗാര്‍ഡയ്ക്ക് പ്രത്യേക അധികാരം നല്‍കിയിട്ടുണ്ട്. ഇതുവരെ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് പെനാല്‍റ്റി പോയിന്റും പിഴയുമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ വാഹന ഉടമയ്ക്ക് ശിക്ഷാ നടപടികള്‍ ബാധകമായിരുന്നില്ല. ഈ രീതികള്‍ക്കാണ് പുതിയ നിയമത്തിലൂടെ മാറ്റം വന്നത്. ഡിസംബര്‍ 22 മുതല്‍ ഫെബ്രുവരി 10 വരെ ദിവസവും ശരാശരി എട്ട് ഡ്രൈവര്‍മാരെയും കാറുകളും ഇത്തരത്തില്‍ ഗാര്‍ഡ പിടികൂടിയിട്ടുണ്ട്.

കൗണ്ടി കോര്‍ക്കില്‍ സംഭവിച്ച ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് ലൈസന്‍സിലാതെ വാഹനമോടിക്കുന്നത്തില്‍ വാഹന ഉടമയ്ക്കും ഒരു പോലെ പങ്കുണ്ടെന്ന് ഗതാഗത നിയമത്തില്‍ മാറ്റം വരുത്താന്‍ ആലോചന ആരംഭിച്ചത്. 2015 ഡിസംബറില്‍ കില്‍വര്‍ത്തില്‍ നടന്ന വാഹനാപകടത്തില്‍ വാഹന ഉടമ ഒപ്പമില്ലാതെ ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ള ഡ്രൈവര്‍ ഓടിച്ചുവന്ന കാറിടിച്ച് ജറാള്‍ഡിന്‍ ക്ലെന്‍സി എന്ന മാതാവും മകള്‍ ലൂയിസും മരണപെട്ടതിനെ തുടര്‍ന്നാണ് ലേണേഴ്സ് മാത്രമുള്ള ഡ്രൈവര്‍മാര്‍ ലൈസന്‍സുള്ള വാഹന ഉടമ ഒപ്പമില്ലാതെ ഡ്രൈവ് ചെയ്യുന്നതിന് വിലക്കികൊണ്ടുള്ള നിയമം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ഐറിഷ് റോഡുകളില്‍ സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ പലതും ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതു മൂലമാണെന്ന് ഐറിഷ് ഗതാഗത വകുപ്പ് കണ്ടെത്തിയിരുന്നു. ഓരോ വര്‍ഷവും ഇത്തരത്തില്‍ ശരാശരി 12 വാഹനാപകടടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ പത്തെണ്ണവും യഥാര്‍ത്ഥ ലൈസന്‍സുള്ള വാഹനത്തിന്റെ ഉടമ ഒപ്പമിലാതെ ലേണേഴ്സ് ഡ്രൈവര്‍മാരുടെ പിഴവുമൂലം ഉണ്ടാകുന്ന അപകടങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: