സിറിയയില്‍ ഐഎസ് ശക്തി ക്ഷയിക്കുന്നു; യൂറോപ്പില്‍ നിന്ന് ഐഎസില്‍ ചേരാന്‍ ഇറങ്ങിതിരിച്ചവര്‍ സ്വരാജ്യങ്ങളിലേക്ക് മടങ്ങാന്‍ ശ്രമം

സിറിയയില്‍ ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയ്‌ക്കെതിരായ യുദ്ധം അവസാന ഘട്ടത്തിലാണ്. ഖിലാഫത്ത് എന്നിവര്‍ വിശേഷിപ്പിക്കുന്ന ഇസ്‌ളാമിക സാമ്രാജ്യം ഏറെക്കുറെ തകര്‍ന്നു കഴിഞ്ഞു. ഇതിനിടെ ഐഎസില്‍ ചേര്‍ന്നു സിറിയയിലേക്കു പോയ യൂറോപ്യന്‍ പൗരന്‍മാര്‍ പലരും സ്വന്തം നാടുകളിലേക്കു മടങ്ങാന്‍ ശ്രമിക്കുകയാണ്. ബ്രിട്ടനില്‍ നിന്ന് 900 പേര്‍ സിറിയയില്‍ പോയി ഐഎസിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഐഎസ് തകര്‍ന്നു തുടങ്ങിയതോടെ ഇതില്‍ 450 പേര്‍ മടങ്ങിയെത്തിക്കഴിഞ്ഞു. 260 പേര്‍ എവിടെയാണെന്നോ, ജീവിച്ചിരിക്കുന്നുണ്ടോ എന്നോ പോലും വ്യക്തമല്ല. സിറിയയിലെ ഭീകരവിരുദ്ധ യുദ്ധത്തിനിടെ 180 ബ്രിട്ടീഷ് ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം തിരികെ നാട്ടില്‍ എത്തുന്നത് എതിര്‍ക്കുമെന്ന് ബ്രിട്ടന്‍ പ്രസ്താവിച്ചു കഴിഞ്ഞു. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ തിരിച്ചു വരവിനെ തടയാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയോ രാജ്യത്തുനിന് ഒഴിവാക്കുകയോ വേണമെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. ഷെമീമ ബീഗം തിരികെ ബ്രിട്ടനില്‍ എത്തിയാല്‍ വിചാരണ നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മുപ്പതോളം ഐറിഷ് പൗരന്മാര്‍ സിറിയയിലേക്കും ഇറാഖിലേക്കും യാത്രചെയ്തിട്ടുള്ളതായി ന്യൂയോര്‍ക്കിലെ സുരക്ഷാ സ്ഥാപനം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ചുപേരോളം മരണപ്പെട്ടിരിക്കാനാണ് സാധ്യത. ബാക്കിയുള്ളവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഇതില്‍ ആരെങ്കിലും അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നിട്ടുണ്ടോ എന്നകാര്യത്തിലും സംശയം അവശേഷിക്കുന്നു. ഡബ്ലിന്‍ സ്വദേശിയായിരുന്ന ഖാലിദ് കെല്ലി 2016 ല്‍ ഇറഖില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. 2017 ലെ ലണ്ടന്‍ ബ്രിഡ്ജ് അക്രമണകാരികളില്‍ ഒരാളായ റഷീദ് റീഡൗണി അയര്‍ലണ്ടില്‍ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സിറിയയില്‍ കഴിഞ്ഞ മാസം പിടിയിലായ ഐഎസ് ഭീകരന്‍ വര്‍ഷങ്ങളോളം അയര്‍ലണ്ടില്‍ താമസിച്ചിരുന്നതായും സുരക്ഷാ സേന കണ്ടെത്തുകയുണ്ടായി.

Share this news

Leave a Reply

%d bloggers like this: