450 പേജുകളോടുകൂടിയ പുതുക്കിയ മുള്ളര്‍ റിപ്പോര്‍ട്ട്: ഡൊണാള്‍ഡ് ട്രെമ്പിന്റെ ഇംപീച്ച് സാധ്യത ശക്തിപ്പെടുന്നു…

ന്യൂയോര്‍ക്: 2016 അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തെ റഷ്യന്‍ ബാന്ധവം റോബര്‍ട്ട് മ്യുള്ളറിന്റെ അന്വേഷണങ്ങള്‍ക്ക് തെളിയിക്കാനായില്ലെങ്കിലും ട്രംപ് നീതിനിര്‍വഹണം തടസ്സപ്പെടുത്തിയ 11 സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് എടുത്ത് സൂചിപ്പിക്കുന്നുണ്ടെന്ന് യു എസ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാര്‍. ഈ പതിനൊന്ന് സന്ദര്‍ഭങ്ങള്‍ യു എസ് കോണ്‍ഗ്രസിന് ഒരു കുറ്റകൃത്യമായി തോന്നിയിട്ടുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് പോലും ചെയ്യാമെന്നുമാണ് വിലയിരുത്തല്‍. റഷ്യയുമായി ട്രംപ് നടത്തിയെന്ന് പറയുന്ന ബന്ധം തെളിയിക്കാനായില്ല എന്നതാണ് റിപ്പോര്‍ട്ടിന്റെ അവസാന തീര്‍പ്പ് എന്ന് വില്ല്യം ബാര്‍ വ്യക്തമാക്കിയെങ്കിലും മറ്റ് തീരുമാനങ്ങളൊക്കെ കോണ്‍ഗ്രസിന് വിടുന്നുവെന്നാണ് ബാറും മ്യുള്ളറും വ്യക്തമാക്കുന്നത്. മ്യുള്ളര്‍ റിപ്പോര്‍ട്ടിന്റെ പുതുക്കിയ 450 പേജുള്ള റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം പുറത്ത്വിട്ട വേളയിലായിരുന്നു ബാറിന്റെ പ്രസ്താവന.

എന്നാല്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കൂടി പുറത്ത്വിട്ടതോടെ ട്രംപ് തന്റെ പൂര്‍ണ്ണവിജയം പ്രഖ്യാപിച്ചുവെന്നാണ് സൂചന. മ്യുള്ളര്‍ തന്നെ വെറുതെ വേട്ടയാടുകയാണെന്ന് തുടക്കം മുതലേ പറഞ്ഞിരുന്ന ട്രംപ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു ശേഷം ഒരു പ്രസിഡന്റിനും ഈ ഗതി വരുത്തരുതേയെന്നാണ് പ്രതികരിച്ചത്. ഗെയിം ഓഫ് ത്രോണ്‍സ് പശ്ചാത്തലത്തില്‍ ‘ഗെയിം ഓവര്‍’ എന്ന അടിക്കുറിപ്പോടെ ട്രംപ് സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്ത് ട്വീറ്റ് ചെയ്തത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ പതിനൊന്ന് സന്ദര്‍ഭങ്ങളില്‍ ട്രംപ് മ്യുള്ളറിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട് എന്നത് പോലുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

‘എന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ട്രംപിനെ ചുറ്റിപറ്റി നില്‍ക്കുന്ന ആളുകളൊന്നും വേണ്ട വിധത്തില്‍ ട്രംപിനെ അതിനു സഹായിക്കാത്തത് കൊണ്ടാണ് അദ്ദേഹത്തിന് കൂടുതല്‍ പദ്ധതികള്‍ മെനയാന്‍ സാധിക്കാത്തതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. റഷ്യയുമായി അനധികൃത ബന്ധത്തിലേര്‍പ്പെട്ടാല്‍ തങ്ങള്‍ക്കും ലാഭം ഉണ്ടായേക്കും എന്ന് വിചാരിച്ച് ട്രമ്പിനൊപ്പം ചിലര്‍ നിന്നുവെന്നല്ലാതെ കുറ്റകൃത്യങ്ങള്‍ക് പലതിനും ട്രംപിന് ആളെ കിട്ടിയിരുന്നില്ല.’ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനു ശേഷം മ്യുള്ളര്‍ മാധ്യമങ്ങളോട് പറഞ്ഞു. മ്യുള്ളറിന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് മുന്‍പ് ബാര്‍ പുറത്ത്വിട്ട ഒരു ചിത്രത്തില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണെന്നാണ് ആഗോള മാധ്യമങ്ങളുടെ വിലയിരുത്തല്‍.

Share this news

Leave a Reply

%d bloggers like this: