സി. രവിചന്ദ്രനും, വൈശാഖന്‍ തമ്പിയും ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു. പുതിയ അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കും കാതോര്‍ത്തു മലയാളി ലോകം…

ഡബ്ലിന്‍: നാലാം തീയതി ശനിയാഴ്ച 1 .30 മുതല്‍ താലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് എസ്സെന്‍സ് അയര്‍ലണ്ട് സംഘടിപ്പിക്കുന്ന Irresense ’19 Hominum എന്ന പരിപാടിയില്‍ പങ്കെടുക്കാനായി പ്രശസ്ത ശാസ്ത്ര പ്രചാരകരും പ്രഭാഷകരും ആയ സി. രവിചന്ദ്രനും വൈശാഖന്‍ തമ്പിയും ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു . അനീതികള്‍ക്കും അശാസ്ത്രീയതകള്‍ക്കുമെതിരെ പല ആളുകള്‍ പലകാലങ്ങളില്‍ ചെയ്ത
സമരങ്ങളിലൂടെയാണ് നമ്മള്‍ ഇന്ന് കാണുന്ന സ്വതന്ത്രലോകവും ജനാധിപത്യ വ്യവസ്ഥകളും ഉണ്ടായി വന്നത്. അന്ന് തങ്ങള്‍ക്ക് നേരെ ഉയര്‍ന്നു വന്ന എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും അവഗണിച്ച് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ചിന്തകളെ ചിറക് വിരിച്ച് പറക്കാന്‍ അവര്‍ ധൈര്യം നല്‍കിയില്ലായിരുന്നുവെങ്കില്‍ മതങ്ങളും അധികാരവും ചേര്‍ന്ന് ജനജീവിതത്തെ എത്രത്തോളം ദുസ്സഹമാക്കുമായിരുന്നു എന്ന കാര്യം ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

ഇന്ത്യ പോലെയൊരു രാജ്യത്ത് ഓരോ പൗരനും എന്ത് ഭക്ഷിക്കണം എന്ത് പാനം ചെയ്യണം തുടങ്ങിയ കാര്യങ്ങളെ വരെ മതം അതിന്റെ സര്‍വ്വ സ്വാധീനങ്ങളും ഉപയോഗിച്ച് നിയന്ത്രിക്കുമ്പോള്‍ അതിനെ കുറെയെങ്കിലും പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്വതന്ത്ര ചിന്ത, യുക്തിബോധം, മാനവികത എന്നിവയുടെ പ്രചരണത്തിനായും ശാസ്ത്രീയ മനോവൃത്തിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന നിതാന്ത പരിശ്രമത്തിനായും ശ്രീ രവിചന്ദ്രന്‍ സി യുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച എസന്‍സ് ഗ്ലോബല്‍ എന്ന സംഘടന ചിന്തിക്കാനും ചോദ്യം ചെയ്യാനും ധൈര്യപ്പെടുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

ചോദ്യം ചെയ്തും സംശയങ്ങള്‍ ഉയര്‍ത്തിയും ആണ് മനുഷ്യസമൂഹം മുന്നേറിയിട്ടുള്ളത്. ശാസ്ത്രാഭിരുചി ഉള്ള ഒരു സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ട് എസ്സന്‍സ് നടത്തുന്ന ഈ പരിപാടിയില്‍ ”ആ പറക്കും തളിക’ എന്ന വിഷയത്തില്‍ വൈശാഖന്‍ തമ്പിയും ‘മതയാനകള്‍’ എന്ന വിഷയത്തില്‍ സി. രവിചന്ദ്രനും പ്രഭാഷണം നടത്തുന്നു. തുടര്‍ന്ന് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇവര്‍ മറുപടി പറയും. യൂറേഷ്യ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ആണ് Irresense’ 19 ന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍. ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഫ്രീ പാര്‍ക്കിങ് ഉണ്ടായിരിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: