ദരിദ്രരാജ്യങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ ഐക്യരാഷ്ട്രസഭ

ലോകത്ത് ഉത്പാദിപ്പിക്കുന്ന പകുതിയോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇത്രയും കാലം കൈകാര്യം ചെയ്തിരുന്നത് ചൈനയായിരുന്നു. എന്നാല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍നിന്നും മാലിന്യം ഇറക്കുമതി ചെയ്യുന്നതിന് അവര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. ഇതോടെ അവികസിത-വികസ്വര രാജ്യങ്ങിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കയറ്റി അയക്കുന്നതും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സംഘടന പ്രശ്‌നത്തില്‍ ഇടപെടുന്നത്. അവികസിത രാജ്യങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കയറ്റി അയയ്ക്കണമെങ്കില്‍ അതാത് രാഷ്ട്രങ്ങളുടെ അനുമതി വേണമെന്നതാണ് കരാറിന്റെ കാതല്‍. നേരത്തെ ഇത് ആവശ്യമില്ലായിരുന്നു. യുഎസ് ഉള്‍പ്പടെയുള്ള വികസിത രാഷ്ട്രങ്ങള്‍ അത് പരമാവധി ചൂഷണം ചെയ്തിട്ടുമുണ്ട്.

അമേരിക്കയില്‍ നിന്ന് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നത് ചൈന അവസാനിപ്പിച്ചതോടെ വികസ്വര രാജ്യങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയതായി ‘ഗ്ലോബല്‍ അലിയന്‍സ് ഫോര്‍ ഇന്‍സിനറേറ്റര്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്’ എന്ന സംഘടന കണ്ടെത്തിയിരുന്നു. ഇന്‍ഡോനേഷ്യ, തായ്ലാന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രാമങ്ങള്‍ ഒരൊറ്റ വര്‍ഷംകൊണ്ട് മാലിന്യക്കൂമ്പാരങ്ങളായി മാറി. നേരത്തേ കൃഷി ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന ഭൂപ്രദേശങ്ങളാണ് ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടത്.

കരയിലേയും കടലിലേയും എല്ലാ ജീവജാലങ്ങള്‍ക്കും ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിഷലിപ്തവും അപകടകരവുമായ രാസവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കല്‍ എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടി ചേര്‍ന്ന യു. എന്നിന്റെ യോഗത്തിലാണ് ആശാവഹമായ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. രണ്ടാഴ്ച നീണ്ട തീവ്രമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നിയമപരമായ ഒരു ചട്ടക്കൂട് കൊണ്ടുവരാന്‍ യു.എന്നിന് സാധിച്ചു. 187 രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പുവച്ചു. ഇത്തരം കരാറുകളില്‍ നിന്നും എല്ലാ കാലത്തും വിട്ടു നില്‍ക്കാറുള്ള അമേരിക്ക പോലും ഈ കരാറിന്റെ ഭാഗമായി എന്നത് ശ്രദ്ധേയമാണ്.

അമേരിക്ക ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങള്‍ അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പുതിയ ഇടങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ചൈന കൊണ്ടുവന്ന നിയന്ത്രണത്തിനു പിന്നാലെ പുതിയ യു.എന്‍ കരാര്‍കൂടെ യാഥാര്‍ത്ഥ്യമായതോടെ ഇനി ഈ രാജ്യങ്ങള്‍ എന്തു ചെയ്യുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇനിമുതല്‍ മാലിന്യപ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നും തല്‍ഫലമായി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ അത് ഇടയാക്കുമെന്നും കരുതുന്നവരുണ്ട്.

Share this news

Leave a Reply

%d bloggers like this: