കാര്‍ബണ്‍ എമിഷന്‍: ഫുട്ബോള്‍ ആരാധകരെ ഭയന്ന് യൂറോപ്പിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍…

യൂറോപ്പിലേക്ക് ഫുട്‌ബോള്‍ ആരാധകരുടെ ഒഴുക്ക് കൂടുന്നതോടെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ചാംപ്യന്‍സ് ലീഗ് ഫൈനലും യൂറോപ ലീഗ് ഫൈനലും കാണാന്‍ ആയിരക്കണക്കിന് കാണികള്‍ ഒഴുകിയത്തും. അത് കനത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചിലര്‍ വാദിക്കുന്നത്. ഈ വിലയിരുത്തലിനെതിരെയും യൂറോപ്പില്‍ പ്രതിഷേധം ശക്തമാവുകയാണ്.

നാല് ഇംഗ്ലീഷ് ടീമുകളാണ് ഫൈനല്‍ കളിക്ക് ഒരുങ്ങി നില്ക്കുന്നത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ – ടോട്ടന്‍ഹാം പോരാട്ടം മാഡ്രിഡിലും, യൂറോപ ലീഗ് ഫൈനലില്‍ ആഴ്‌സണല്‍ – ചെല്‍സിപോരാട്ടം അസര്‍ബൈജാനിലുമാണ് നടക്കാനിരിക്കുന്നത്. ഇരു ഫൈനലുകളും കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ആരാധരുടെ ബാഹുല്യം അന്തരീക്ഷത്തിലേക്ക് ടണ്‍ കണക്കിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന് കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ നിലപാട്.

ഫോസില്‍ ഇന്ധനത്തിന്റെ അമിത ഉപയോഗം കൊണ്ട് ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം വലിയ ആശങ്കയാണ് ലോകത്തുടനീളം സൃഷ്ടിച്ചിരിക്കുന്നത്. ആ നിലക്ക് ഫുട്‌ബോള്‍ മത്സരത്തിന് കാണികള്‍ വരുന്നതോടെ കൂടുതല്‍ കാര്‍ബണ്‍ എമിഷന്‍ ഉണ്ടാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നത്. അടുത്ത വര്‍ഷം നടക്കുന്ന യൂറോ 2020 മത്സരങ്ങള്‍ കാണാന്‍ വരുന്നവരെകൊണ്ട് യൂറോപ്പ് നിറയും. അതിന്റെ പ്രത്യാഘാതങ്ങള്‍ എത്രത്തോളമുണ്ടാകുമെന്ന് കണക്കുകൂട്ടാന്‍പോലും പ്രയാസമാകും.

‘ആഴ്‌സണല്‍ – ചെല്‍സി മത്സരം നടക്കുന്ന മൈതാനത്ത് മാത്രം 6,000 സീറ്റുകള്‍ ആണുള്ളത്. ലണ്ടന്‍ നഗരവും കാണികളെക്കൊണ്ട് നിറയും. ഇരു ഫൈനലുകളും കാണാന്‍ 45,000 ആരാധകര്‍ എത്തുമെന്നാണ് കണക്ക്. അങ്ങിനെയെങ്കില്‍ 35,490 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് അന്തരീക്ഷത്തിലേക്ക് ഉയരാന്‍ പോകുന്നത്’ എന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ സഹ-നേതാവ് ജോനാതന്‍ ബാര്‍റ്റ്‌ലി അഭിപ്രായപ്പെടുന്നു. എന്നാല്‍, ഈ ആശങ്കകളെ പരിഹാസത്തോടെ തള്ളിക്കളയുകയാണ് ഫുട്‌ബോള്‍ ആരാധകരും ടീം മാനേജ്‌മെന്റും. ‘കഴിഞ്ഞ വര്‍ഷമൊന്നും കാണാത്ത ഒരു പ്രതിഷേധം ഇപ്പോള്‍ എങ്ങിനെ വന്നു?, ഇവരൊക്കെ രാവിലെ എന്താണ് കഴിക്കുന്നത്? എന്നാണ് ലിവര്‍ പൂള്‍ ടീം മാനേജര്‍ ചോദിക്കുന്നത്.

അതേസമയം ഓരോ വര്‍ഷവും യൂറോപ്പിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട്. അതില്‍ ഫുട്‌ബോള്‍ ആരാധകരുടെ എണ്ണം ചെറുതല്ല. പ്രധാനപ്പെട്ട 12 നഗരങ്ങളിലാണ് ഫുഡ്ബോള്‍ മത്സരങ്ങള്‍ മാറിമാറി നടക്കുന്നത്. അതിനനുസരിച്ച് ആയിരക്കണക്കിന് കാണികളും സഞ്ചരിക്കും. ഈ സ്ഥിതികള്‍ക്ക് മാറ്റം വരുത്തണം എന്നാണ് ഗ്രീന്‍പാര്‍ട്ടിയുടെ ആവശ്യം.

Share this news

Leave a Reply

%d bloggers like this: