ബംഗാൾ കലുഷിതം: 300 ഡോക്ടര്‍മാര്‍ രാജി വച്ചു; മമതയെ വിമര്‍ശിച്ച്‌ കേന്ദ്രം; തിങ്കളാഴ്ച പണിമുടക്കിന് ഐഎംഎയുടെ ആഹ്വാനം…

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം ശക്തമായി തുടരുന്നു. 300 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രാജി വച്ചു. മെഡിക്കല്‍ കോളേജുകളിലേയും ആശുപത്രികളിലേയും ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമാരും ഈ 300 പേരില്‍ ഉള്‍പ്പെടുന്നു. കൊല്‍ക്കത്തയ്ക്ക് പുറമെ ബര്‍ദ്വാനിലേയും ഡാര്‍ജിലിംഗിലേയും 24 ഉത്തര പര്‍ഗാനാ ജില്ലയിലേയുമെല്ലാം ഡോക്ടര്‍മാര്‍ രാജി നല്‍കിയിട്ടുണ്ട്. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ഡോക്ടര്‍മാര്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

ബംഗാള്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നാല് ദിവസത്തെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തത്. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം പൈശാചികമെന്ന് വിലയിരുത്തിയ ഐഎംഎ, ഇത്തരം അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും സമീപിക്കുമെന്നും വ്യക്തമാക്കി.

അതേസമയം ഈ പ്രതിസന്ധിക്ക് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ആരോപിച്ചു. ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കി ഭീഷണിപ്പെടുത്താനാണ് മുഖ്യമന്ത്രി മമത ശ്രമിക്കുന്നത് എന്ന് ഹര്‍ഷവര്‍ദ്ധന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കണം എന്ന് ഹര്‍ഷവര്‍ദ്ധന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മമത ബാനര്‍ജി നിരുപാധികം മാപ്പ് പറയണം എന്നതടക്കം ആറ് ആവശ്യങ്ങളാണ് നാല് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഡോക്ടര്‍മാര്‍ ഉടന്‍ ജോലിയില്‍ കയറണം എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. കൊല്‍ക്കത്ത നീല്‍ത്തന്‍ സര്‍ക്കാര്‍ (എന്‍ആര്‍എസ്) മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്ന് പരാതിപ്പെട്ടാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മമത ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധവും സമരവും. ഒപികള്‍ അടച്ചും എമര്‍ജന്‍സി സര്‍വീസുകള്‍ നിര്‍ത്തിവച്ചുമുള്ള പ്രതിഷേധം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളിലേയും ജില്ലാ ആശുപത്രികളിലേയ്ക്കും പ്രതിഷേധം പടര്‍ന്നിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേതുള്‍പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളിലെ ഡോക്ടര്‍മാര്‍ ബംഗാള്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സമരം ബിജെപിയുടേയും സിപിഎമ്മിന്റേയും ഗൂഢാലോചനയാണ് എന്നാണ് മമത ബാനര്‍ജിയുടെ ആരോപണം.

അതേസമയം രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. കല്‍ക്കട്ട ഹൈക്കോടതിയും സമാന ഹര്‍ജി പരിഗണിക്കുകയാണ്. ഹര്‍ജിക്ക് ഏഴ് ദിവസത്തിനകം മറുപടി നല്‍കാന്‍ ബംഗാള്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: