അയര്‍ലണ്ടിലെ പകുതിയോളം കുറ്റകൃത്യങ്ങള്‍ക്ക് പുറകില്‍ ജാമ്യത്തിലിറങ്ങുന്ന കുറ്റവാളികള്‍ തന്നെ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇവയില്‍ പകുതിയോളം അക്രമങ്ങള്‍ നടത്തുന്നത് ജാമ്യത്തില്‍ ഇറങ്ങുന്ന കുറ്റവാളികളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തു ഇത്തരത്തില്‍ 3000 ത്തോളം അക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കൊലപാതകങ്ങള്‍, പിടിച്ചുപറി , ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി വാന്‍ തോതില്‍ അക്രമങ്ങളാണ് അയര്‍ലണ്ടില്‍ അരങ്ങേറുന്നതെന്നു സി.എസ.ഓ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം സംഘങ്ങള്‍ മയക്കു മരുന്ന് കച്ചവടവും രാജ്യത്തു നടത്തിവരുന്നതായി പോലീസ് പറയുന്നു.

2011 മുതല്‍ 2016 വരെ ആയിരത്തില്‍ താഴെ മാത്രമായിരുന്ന അക്രമങ്ങളുടെ നിരക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വന്‍തോതില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗൗരവമേറിയ കുറ്റം ചെയ്തതിനു പിടിക്കപെടുന്ന കുറ്റവാളികളുടെ ചരിത്രം പരിശോധിച്ച് ഇവര്‍ അപകടകാരികള്‍ ആണെങ്കില്‍ ജാമ്യം അനുവദിക്കാതിരിക്കാനുള്ള നിയമ നിര്‍മ്മാണം അനിവാര്യമാണെന്നും പോലീസ് പറയുന്നു. പൊതുമുതല്‍ നശിപ്പിക്കുന്ന കേസുകളിലും ഇത്തരം കുറ്റവാളികള്‍ ഉള്‍പെടാറുണ്ട്.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇലക്ട്രോണിക് ടാഗ് ഏര്‍പ്പെടുത്താന്‍ നീക്കം നടന്നെങ്കിലും, ഇത് നടപ്പാക്കേണ്ട സമയം അതിക്രമിച്ചു എന്ന് തന്നെയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതോടെ യൂണിയന്‍ രാജ്യങ്ങളില്‍ കുറ്റകൃത്യം കൂടിയ രാജ്യമായി അയര്‍ലണ്ടു മാറുമെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: