പാര്‍ലമെന്റില്‍ വിവാദ പ്രസംഗം: വന്ദേമാതരം വിളിക്കാത്തവര്‍ ഇന്ത്യയില്‍ ജീവിക്കണ്ടെന്ന് കേന്ദ്രമന്ത്രി സാരംഗി…

ന്യൂഡല്‍ഹി: 17ാം ലോക്സഭയുടെ ആദ്യ സെഷനില്‍ തന്നെ പ്രകോപനപരമായ പ്രസംഗവുമായി ബി.ജെ.പി അംഗവും കേന്ദ്രമന്ത്രിയുമായ പ്രതാപ്ചന്ദ്ര സാരംഗി. വന്ദേമാതരം വിളിക്കാന്‍ തയ്യാറാകാത്തവര്‍ ഇന്ത്യയില്‍ ജീവിക്കണോയെന്ന് അദ്ദേഹം ചോദിച്ചു. ‘വന്ദേമാതരത്തെ അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്തെങ്കിലും അവകാശമുണ്ടോ? ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന ചില പ്രത്യേക വിഭാഗക്കാരെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യ പ്രധാനമന്ത്രിയുടെ കൂടെയാണ്. അഫ്സല്‍ ഗുരുവിനെ പ്രകീര്‍ത്തിക്കുന്നവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമുണ്ടോ?.. അദ്ദേഹം ചോദിച്ചു.

ഇതിന് ഒരിക്കലും ഇല്ലെന്ന് ഭരണപക്ഷം ഡെസ്‌കില്‍ കൈയടിച്ച് മറുപടി പറയുകയുംചെയ്തു. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ബി.ജെ.പി നേടിയിട്ടുണ്ടെന്നും അവരുടെ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സാരംഗി പറഞ്ഞു. ഇന്നലെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള മറുപടിയിലായിരുന്നു ഒഡിഷയില്‍നിന്നുള്ള കേന്ദ്രമന്ത്രിയുടെ വിവാദ പ്രസംഗം.

ഇസ്ലാമിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ സമാജ്വാദി പാര്‍ട്ടി എം.പി ഷഫീഖുര്‍റഹ്മാന്‍ ബര്‍ഖ് ‘വന്ദേമാതരം’ വിളിക്കാന്‍ വിസമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരുടെയെങ്കിലും പേരെടുത്തു പറയാതെയുള്ള സാംരഗിയുടെ പ്രസംഗം. കലാപം ഉള്‍പ്പെടെയുള്ള വിവിധകേസുകളില്‍ ആരോപണവിധേയനായ സാരംഗി, ഒഡിഷയിലെ ബജ്റംഗ്ദളിന്റെ മുന്‍ സംസ്ഥാന കണ്‍വീനര്‍ ആണ്.

Share this news

Leave a Reply

%d bloggers like this: