എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതിന് ആറ് മാസം തടവിലായിരുന്ന ഐറിഷ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി….

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതിന് ജയിലിലടച്ച ഐറിഷ് വനിത ഒടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐറിഷുകാരിയായ അഭിഭാഷക സിമോണ്‍ ബേണ്‍(50) ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ തടവ് ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കഴിഞ്ഞ നവംബറിലാണ് ഇവരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നത്.

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായിരുന്ന സിമോണ്‍ ജീവനക്കാരോട് കൂടുതല്‍ വൈന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അനുവദിച്ച അത്രയും വൈന്‍ ഇവര്‍ കഴിച്ചിരുന്നതിനാല്‍ കൂടുതല്‍ നല്‍കാന്‍ ജീവനക്കാര്‍ തയാറായില്ല. ഇതില്‍ പ്രകോപിതയായ സിമോണ്‍ ജീവനക്കാരെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയായിരുന്നു. താന്‍ ലോകമറിയുന്ന അഭിഭാഷകയാണ്, നിങ്ങള്‍ വൃത്തികെട്ട ഏഷ്യക്കാര്‍ക്കും റോഹിങ്ക്യന്‍സിനും എല്ലാവര്‍ക്കും വേണ്ടി കേസില്‍ ഹാജരായിട്ടുണ്ട്. ആരോടും പണം വാങ്ങിയിട്ടില്ല. ആ തനിക്ക് അല്‍പം വൈന്‍ തരാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെ എന്ന് ചോദിച്ചാണ് ഇവര്‍ ജീവനക്കാരോട് കയര്‍ത്തത്. ജീവനക്കാരുടെ മുഖത്ത് തുപ്പുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്.

ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഇവരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ലണ്ടനിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ജഡ്ജ് നിക്കോളാസ് വുഡ് ഇവര്‍ക്ക് ആറ് മാസം തടവും 300 പൗണ്ട് നഷ്ടപരവും നല്‍കാന്‍ വിധിക്കുകയായിരുന്നു. ചട്ടപ്രകാരം വിമാനയാത്രയില്‍ രണ്ട് മുതല്‍ മൂന്ന് ഗ്ലാസ് മദ്യമാണ് യാത്രക്കാര്‍ക്ക് നല്‍കാനാകുക. മൂന്ന് മുതല്‍ നാല് ഗ്ലാസ് വരെ വൈനും കുടിക്കാം. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക അളവില്‍ അല്‍പം വ്യത്യാസമുണ്ട്. സിമോണ്‍ ഇതിലും കൂടുതല്‍ മദ്യം ആവശ്യപ്പെട്ടതിനാലാണ് ജീവനക്കാര്‍ നിരസിച്ചത്. ഇവരുടെ മൃതദേഹം ഇംഗ്ലണ്ടിലെ ഈസ്റ്റ് സസക്സിലുള്ള അവരുടെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: