ലിയോ വരേദ്കറും, ഫിനഗേലും രാജ്യത്തെ നയിക്കുന്നത് എങ്ങോട്ട് ?മൈക്കിള്‍ മാര്‍ട്ടിന് നേരെയുണ്ടയ പരാമര്‍ശത്തില്‍ ഫിനഗേലിന്റെ നിലനില്‍പ് തന്നെ അപകടത്തിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

ഡബ്ലിന്‍: ഫിനഗേലിന്റെ ഭരണത്തുടര്‍ച്ചയില്‍ അയര്‍ലണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ അവസാനമായി പുറത്തുവന്ന വാര്‍ത്തയാണ് അയര്‍ലണ്ടിന്റെ ഭീമമായ കടബാധ്യത. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു മന്ത്രി ലിയോ വരേദ്കര്‍. അതിനു തൊട്ടു പിന്നാലെയാണ് രാജ്യം കടക്കെണിയിലേക്ക് അകപ്പെട്ട വാര്‍ത്ത പുറത്തു വന്നത്. ദയിലില്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ മാര്‍ട്ടിന് നേരെ മന്ത്രി ലിയോ വരേദ്കറിന്റെ പ്രതികരണം രാജ്യവ്യാപകമായി തന്നെ ശക്തമായ പ്രതിഷേധമായി മാറി.

രാജ്യത്തെ മതത്തെയും, വിശ്വാസത്തെയും ചോദ്യം ചെയ്യുന്ന തരത്തില്‍ അത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. അയര്‍ലണ്ടില്‍ നിന്നും ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും, മൂല്യങ്ങളെയും പടികടത്താനുള്ള ശ്രമങ്ങളാണ് ഫിനഗേല്‍ നടത്തുന്നതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നത് രാജ്യത്ത് അബോര്‍ഷന്‍ നിയമവിധേയമാക്കിയ നടപടിയാണ്. വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു അയര്‍ലണ്ടിലെ യുവാക്കളുടെ വോട്ടു കൂടുതല്‍ നേടിയാണ് അബോര്‍ഷന്‍ റെഫറണ്ടം നടപ്പാക്കിയതെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം മൈക്കിള്‍ മാര്‍ട്ടിനെതിരെ ‘അള്‍ത്താരയ്ക് പിന്നില്‍ നിന്നും പാപം ചെയ്യുന്നവര്‍’ എന്ന വിശേഷണം നല്‍കിയതില്‍ പാര്‍ലമെന്റില്‍ വന്‍ വിവാദമാണ് ഉണ്ടാക്കിയത്. വരേദ്കര്‍ ഇക്കാര്യത്തില്‍ മാപ്പു പറയണമെന്ന് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. വാട്ടര്‍ഫോര്‍ഡ് ആര്‍ച് ബിഷപ്പും ഇതിനെതിരെ പ്രതികരിച്ചിരുന്നു. മുന്‍പ് വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ശവശരീരരങ്ങള്‍ ട്രോളിയില്‍ കിടന്നു അഴുകുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും വാസ്തവം എന്തെന്ന് അറിയാന്‍ ശ്രമിക്കാതെ വരേദ്കര്‍ നടത്തിയ പ്രസ്താവനയും വിവാദത്തിലാണ് കലാശിച്ചത്.

ആശുപത്രിയില്‍ അത്തരം സാഹചര്യങ്ങള്‍ ഇല്ലെന്നും വെറും മാധ്യമ സൃഷ്ടിയാണെന്നും ആയിരുന്നു മന്ത്രി അഭിപ്രായപ്പെട്ടത്.ഐറിഷ് ആശുപത്രികളില്‍ നിന്നും മത ചിഹ്നങ്ങള്‍ എടുത്തുമാറ്റാനുള്ള നടപടിയിലും ഫിനഗേല്‍ നേതൃത്വത്തിനെതിരെ പൊതുജന വികാരം ഉയര്‍ന്നിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ് സമരക്കാരെ വൈദഗ്ദ്യം ഇല്ലാത്ത തൊഴിലാഴികളെന്നു പരാമര്‍ശിച്ചു അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചു തൊഴില്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.

രാജ്യത്തെ വികസനത്തിനും, പൗരന്മാര്‍ക്കും പ്രാധാന്യം നല്‍കാതെ കുടിയേറ്റക്കാര്‍ക്ക് വേണ്ടി വന്‍തുക മുടക്കിയത് അയര്‍ലണ്ടിന്റെ കടബാധ്യത ഇരട്ടിയാക്കിയെന്നും ഫിനഗേലിനെതിരെ ആരോപണം ഉയര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ ഫിനഗേലിനു ഉണ്ടായിരുന്ന പ്രതിച്ഛായ മങ്ങിവരുന്നതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചതായി കാണാം. ഡബ്ലിന്‍ നിയോജക മണ്ഡലത്തില്‍ ഫിനഗേലിനു പിന്തുണ കുറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: