കാറ്റലോണിയന്‍ വിഘടനവാദി നേതാക്കള്‍ക്ക് രാജ്യദ്രോഹക്കുറ്റത്തിന് തടവ് ശിക്ഷ; സ്‌പെയിനില്‍ സംഘര്‍ഷാവസ്ഥ

ബാര്‍സിലോണ: കറ്റാലന്‍ വിഘടനവാദി നേതാക്കള്‍ക്ക് ഒമ്പത് മുതല്‍ 13 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ബാഴ്സലോണയില്‍ വന്‍ പ്രതിഷേധം. 2017ലെ നിയമവിരുദ്ധ സ്വാതന്ത്ര്യ റഫറണ്ടത്തില്‍ അവര്‍ക്കുള്ള പങ്ക് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. മറ്റ് മൂന്ന് പേര്‍കൂടെ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും ശാസന മാത്രമാണ് നല്‍കിയത്, തടവുശിക്ഷ വിധിച്ചില്ല.

കോടതി വിധി വന്നതോടെ സ്വാതന്ത്ര്യവാദികള്‍ തെരുവിലിറങ്ങുകയായിരുന്നു. പലയിടങ്ങളിലും പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ബാഴ്‌സലോണ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചും ഏറ്റുമുട്ടലുണ്ടായി. പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. തിങ്കളാഴ്ച മാത്രം ആകെ 108 വിമാനങ്ങള്‍ റദ്ദാക്കിയതായി സ്പാനിഷ് എയര്‍പോര്‍ട്ട് അതോറിറ്റി (ഐന) അറിയിച്ചു.

കറ്റാലന്‍ സ്വാതന്ത്ര്യത്തിനായി ശബ്ദിക്കുന്ന ആയിരക്കണക്കിനുപേര്‍ നഗരമധ്യത്തില്‍ മാര്‍ച്ച് നടത്തി. തെരുവുകളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കുമുള്ള പ്രവേശനം തടയപ്പെട്ടു. വിധി വന്നതോടെ മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാള്‍സ് പ്യൂഗ്ഡെമോണ്ടിനായി പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അദ്ദേഹമിപ്പോള്‍ വിദേശത്താണ് താമസിക്കുന്നത്. ‘

അടിച്ചമര്‍ത്തലിന്റെയും പ്രതികാരത്തിന്റെയും ഇരകളാണ് കറ്റാലന്‍ ജനതയെന്ന്’ വിധി വന്നതിനുശേഷം വാര്‍ത്താസമ്മേളനം നടത്തിയ കാള്‍സ് പറഞ്ഞു. നാലുമാസത്തോളം നീണ്ടുനിന്ന വാദം കേള്‍ക്കലിനിടെ തങ്ങള്‍ അനീതിയുടെ ഇരകളാണെന്ന് മാഡ്രിഡിലെ കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി എല്ലാ വാദങ്ങളും തള്ളി.

കാറ്റലോണിയയുടെ മുന്‍ വൈസ് പ്രസിഡന്റും വിചാരണ നേരിടുന്ന ഏറ്റവും ഉയര്‍ന്ന സ്വാതന്ത്ര്യ അനുകൂല നേതാവുമായ ഓറിയോള്‍ ജുന്‍ക്വറസിന് 13 വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തടവുശിക്ഷയാണ് കോടതി നല്‍കിയത്. അദ്ദേഹത്തിന് 25 വര്‍ഷത്തെ കഠിന തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സംസ്‌ക്കാരത്തിലും ചരിത്രത്തിലും വ്യത്യാസമുള്ള സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യമെന്ന കറ്റാലന്‍ ജനതയുടെ മോഹത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.

2017 ഒക്ടോബറിലാണ് കാറ്റലോണിയന്‍ പ്രവിശ്യ സര്‍ക്കാര്‍ ജനഹിത പരിശോധന പ്രഖ്യാപിച്ചത്. സ്വതന്ത്രരാജ്യം എന്ന കറ്റാലന്‍മാരുടെ ആവശ്യത്തെ സ്പെയിന്‍ പൂര്‍ണമായും തള്ളി. ജനഹിതപരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് രാജ്യത്തെ പരമോന്നത കോടതി അന്നുതന്നെ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കോടതിയുടേയും മഡ്രിഡ് ഭരണകൂടത്തിന്റെയും ഉത്തരവുകള്‍ക്ക് തീരെവിലകല്‍പ്പിക്കാതെ കറ്റാലന്‍മാര്‍ ജനഹിതപരിശോധനയുമായി മുന്നോട്ടുപോയി. സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ സ്പെയിനിലെ സ്വാതന്ത്ര്യാനുകൂലികളും ഏകരാജ്യവാദക്കാരും തമ്മില്‍ ദൂരവ്യാപകമായ സംഘര്‍ഷം രൂപപ്പെടുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: