ടി സിദ്ദിഖിനെതിരെ അന്വേഷണം: നടപടി വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍…

കോഴിക്കോട്: വ്യാജ ഒസ്യത്തുണ്ടാക്കി ഭൂമി തട്ടിയെടുക്കാന്‍ കൂട്ടുനിന്നുവെന്ന പരാതിയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. താമരശേരി ഡിവൈഎസ്പി കെ പി അബ്ദുള്‍ റസാഖിനാണ് അന്വേഷണ ചുമതല. പൊതുപ്രവര്‍ത്തകനായ എ എച്ച് ഹാഫിസിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

സിദ്ദിഖിന് പുറമെ കെപിസിസി നിര്‍വ്വാഹകസമിതി അംഗം എന്‍ കെ അബ്ദുറഹ്മാന്‍, ഡിസിസി സെക്രട്ടറി ഹബീബ് തമ്പി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. റിട്ട. ജുഡീഷ്യല്‍ മിജിസ്‌ട്രേറ്റ് പരേതനായ ലിങ്കണ്‍ എബ്രഹാമിന്റെ പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാന്‍, സഹോദരന്‍ ഫിലോമെന്‍ എബ്രഹാമിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്നാണ് മൂന്നുപേര്‍ക്കുമെതിരായ ആരോപണം. ഇതിന് ഇവര്‍ക്ക് ഒരേക്കര്‍ ഭൂമി പ്രതിഫലമായി ലഭിച്ചുവെന്നും പരാതിയില്‍ പറയുന്നു. 2015 സെപ്തംബര്‍ 22ന് താമരശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇവര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തു. ദേശീയപാതയില്‍ താമരശേരി ചുങ്കത്തിനുടത്തായി കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു.

വില്‍പ്പത്രത്തില്‍ ലിങ്കണ്‍ എബ്രഹാമിന്റെ അച്ഛന്‍ കെ എം എബ്രഹാമിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് നീക്കിവച്ച ഭൂമിയാണ് വ്യാജ ഒസ്യത്ത് തയ്യാറാക്കി ഫിലോമെന്‍ എബ്രഹാം സ്വന്തമാക്കിയതെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ട്രസ്റ്റ് അംഗങ്ങള്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, പരാതിക്കാരെ സ്വാധീനിച്ച് കേസ് ഒതുക്കുകയാണുണ്ടായത്. തട്ടിപ്പിനെക്കുറിച്ച് 2016 ഒക്ടോബര്‍ 26ന് വാര്‍ത്ത പുറത്തുവന്നെങ്കിലും സിദ്ദിഖും മറ്റുള്ളവരും ഇത് നിഷേധിച്ചു. കേസ് നല്‍കിയവരെ സ്വാധീനിച്ചതോടെയാണ് അന്ന് ആരോപണം കെട്ടടങ്ങിയത്.

ഫിലോമെന്റെ ഉറ്റ ബന്ധുവുമായുള്ള സൗഹൃദത്തിലൂടെയാണ് സിദ്ദിഖ് ഈ പ്രശ്നത്തില്‍ ഇടപെട്ടത്. വ്യാജ ഒസ്യത്തും അതിനു പ്രതിഫലമായി കോടികള്‍ വിലവരുന്ന ഭൂമി നല്‍കിയതും ശരിയാണെന്നു തെളിഞ്ഞാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം നടത്താനാണ് പൊലീസിന്റെ തിരുമാനം. ഡിജിപിക്ക് ലഭിച്ച പരാതി അന്വേഷിക്കാന്‍ വടകര റൂറല്‍ എസ്പി കെ ജി സൈമണ് കഴിഞ്ഞ ദിവസമാണ് നിര്‍ദ്ദേശം ലഭിച്ചത്. അന്വേഷണം ആരംഭിച്ചതായി ഡിവൈ എസ് പി അബ്ദുള്‍റസാഖ് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍ കുത്തിപ്പൊക്കിയതാണ് ഈ ആരോപണമെന്നാണ് സിദ്ദിഖ് പ്രതികരിച്ചത്. അതേസമയം തന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതായി സിദ്ദിഖ് സമ്മതിക്കുന്നുണ്ട്. കരാര്‍ ധാരണയുടെ ഭാഗമായി പ്രശ്നം തീരാനാണ് ഇതിന് സന്നദ്ധമായതെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: