പ്രസവാവധിയ്ക്ക് ശേഷം സ്ത്രീകള്‍ക്ക് തൊഴില്‍മേഖലയില്‍ നിരോധനം; ഡബ്ല്യൂ.ആര്‍. സി യ്ക്ക് ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: പ്രസവാവധിയ്ക്ക് ശേഷം സ്ത്രീകളെ തൊഴില്‍ മേഖലയില്‍ നിന്നും അകറ്റുന്ന പ്രവണത അയര്‍ലണ്ടിലും വര്‍ധിക്കുന്നതായി സൂചന. ഇത്തരത്തിലുള്ള പരാതികള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ കൂടിവരുന്നതായി വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനും സ്ഥിരീകരിക്കുന്നു. മറ്റേര്‍ണിറ്റി പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ചാണ് ഇത്തരം കേസുകള്‍ പരിഗണിക്കുന്നത്. ചില സ്ഥാപനങ്ങള്‍ പ്രസവാവധി അനുവദിക്കുന്നില്ലെന്ന് കാണിച്ചും പരാതികള്‍ ലഭിച്ചതായി ഡബ്ല്യൂ.ആര്‍. സി വ്യക്തമാക്കുന്നു.

2017 എല്‍ ഇത്തരത്തിലുള്ള 20 ഓളം പരാതികള്‍ ലഭിച്ചപ്പോള്‍ 2018 എല്‍ ഇത് 39 എണ്ണമായി വര്‍ദ്ധിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെ ഇത്തരത്തിലുള്ള അസമത്വങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ, തൊഴിലിടങ്ങളില്‍ കുറഞ്ഞുവരുന്ന ലിംഗ സമത്വ കേസുകളില്‍ മാതൃകാപരമായ വിധി അനിവാര്യമാണെന്നാണ് ഡബ്ല്യൂ.ആര്‍. സി വ്യക്തമാക്കുന്നത്. നിലവിലെ മറ്റേര്‍ണിറ്റി അവധിയ്ക്ക് പുറമെ അടുത്ത മാസം മുതല്‍ പുതിയ നിയമമനുസരിച്ച് ജനിച്ച കുട്ടിയ്ക്ക് ഒരു വയസ്സാക്കുന്നത് വരെ രക്ഷിതാക്കള്‍ക്ക് രണ്ടാഴ്ച കൂടുതലായി അവധിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന നിയമവും പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്.

എന്നാല്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ മറ്റേര്‍ണിറ്റി അവധികള്‍ നല്‍കാന്‍ പലപ്പോഴും വിസമ്മതിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. വനിതാ പൈലറ്റ്മാര്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നതായി മാസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതുപോലെ മറ്റുപല തൊഴില്‍ മേഖലകളിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: