മഞ്ചക്കണ്ടി വനമേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് ജില്ലയിലെ മഞ്ചക്കണ്ടി മേഖലയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് ഒരാള്‍ കൂടി മരിച്ചെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ മേഖലയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഒരാള്‍ കൂടി മരിച്ചെന്ന വിവരം പുറത്ത് വരുന്നത്. കബനി ദളത്തിലെ പ്രമുഖ നേതാവ് മണിവാസകം എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. തമിഴ്‌നാട് സ്വദേശിയാണ് ഇന്ന് മരിച്ച മണിവാസകം എന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ക്ക് പുറമെ മറ്റൊരു വ്യക്തിക്കും പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കര്‍ണാടക സ്വദേശി സുരേഷ്. തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തി എന്നിവരായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്.

മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനി ദളത്തില്‍ ഉള്‍പ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചിലിനറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് പോലീസ് നല്‍കുന്ന വിവരം. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടര്‍ബോള്‍ട്ട് അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നടപടിക്ക് പിന്നില്‍.

Share this news

Leave a Reply

%d bloggers like this: