പൗരത്വ ബില്ലിൽ ഇടപെടാൻ യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന് നിയമപരമായി അവകാശമില്ലെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വം നൽകുന്നതിനുള്ള ബില്ല് പാർലമെന്റിൽ കൊണ്ടുവന്ന അമിത് ഷായ്ക്കെതിരെ ഉപരോധം നടപ്പാക്കണമെന്ന യുഎസ് കമ്മീഷന്റെ പ്രസ്താവനയ്ക്കെതിരെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവന്നു. യുഎസ്‌സിഐആർഎഫ് (US Commission on International Religious Freedom) എന്ന സംഘടനയ്ക്ക് ഇന്ത്യയിൽ ഈ വിഷയത്തിൽ ഇടപെടാനുള്ള നിയമപരമായ അവകാശമില്ലെന്നാണ് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. യുഎസ്‌ മതസ്വാതന്ത്ര്യ കമ്മീഷന്റെ മുൻകാല നിലപാടുകൾ വെച്ചു നോക്കുമ്പോൾ ഇപ്പോഴത്തെ പ്രസ്താവനയിൽ തങ്ങൾത്ത് അത്ഭുതമില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

മതസ്വാതന്ത്ര്യ കമ്മീഷന്റെ പ്രസ്താവന മുൻവിധിയുടെ അടിസ്ഥാനത്തിലാണെന്നും, തങ്ങൾക്ക് ഒട്ടും ധാരണയില്ലാത്തതും വ്യവഹാരാവകാശമില്ലാത്തതുമായ ഒരു വിഷയത്തിലാണ് അവർ ഇടപെട്ടിരിക്കുന്നതെന്നും രവീഷ് കുമാർ പറഞ്ഞു. കൃത്യതയില്ലാത്ത അനാവശ്യമായ ഒരു പ്രസ്താവനയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്ന ഇന്ത്യയുടെ പൗരത്വ ബിൽ പാർലമെന്റിന്റെ രണ്ട് സഭകളിലും പാസ്സാവുകയാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം കൊണ്ടുവരണമെന്നായിരുന്നു യുഎസ്സിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യകാര്യ ഫെഡറൽ കമ്മീഷന്റെ പ്രസ്താവന. തിങ്കളാഴ്ചയാണ് ഈ പ്രസ്താവന കമ്മീഷൻ പുറപ്പെടുവിച്ചത്.

ലോക്സഭയിൽ പൗരത്വ ബില്ല് പാസ്സായതിൽ തങ്ങൾക്കുള്ള ആഴമേറിയ ആശങ്ക പ്രസ്താവനയിൽ കമ്മീഷൻ  പ്രകടിപ്പിക്കുകയായിരുന്നു. ഈ ബില്ല് തെറ്റായ ദിശയിലേക്കാണ് നയിക്കുകയെന്ന് കമ്മീഷൻ പറഞ്ഞു. ബില്ലിൽ മതമാണ് പൗരത്വത്തിനുള്ള മാനദണ്ഡമായി വെച്ചിരിക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസമാണ് പൗരത്വ ബിൽ ലോക്സഭയിൽ പാസ്സായത്. 311 അംഗങ്ങൾ അനുകൂലിച്ചും 80 അംഗങ്ങൾ പ്രതികൂലിച്ചും വോട്ട് ചെയ്തു. ഇനി രാജ്യസഭയിൽ ഇത് പാസ്സാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മതപരമായ ഉപാധിയോടെ ഇന്ത്യയിൽ പൗരത്വം നൽകുന്നതിനുള്ള ബില്ല് ആണിത്.

Share this news

Leave a Reply

%d bloggers like this: