മൈൻഡിനു ഇത് സ്വപ്നസാക്ഷാത്കാരം ; സ്‌നേഹവീടിൻറെ താക്കോൽ ദാനം നിർവഹിച്ചു.

മൈൻഡ് അയർലൻഡ് തുടങ്ങിവച്ച സ്‌നേഹവീട് എന്ന പദ്ധതിക്ക് സ്വപ്നസാക്ഷാത്‍കാരം. ഡബ്ലിനിലെ മലയാളികളുടെ മനസ്സും കാരുണ്യവും ചേർത്തുവച്ച് കോടിക്കുളം പഞ്ചായത്തിലെ കുന്നേൽ വീട്ടിൽ ഷാജിയ്ക്കും കുടുംബത്തിനുമായി മൈൻഡ് നിർമ്മിച്ചുനൽകിയ വീടിൻറെ താക്കോൽ ദാനം നിർവഹിച്ചു.

നവംബർ ഒൻപതിനു മൈൻഡ് അയർലൻഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ജോയ് ആന്റണിയുടെ സാന്നിധ്യത്തിൽ കോടിക്കുളം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി ഷേർലി ആന്റണി ഗൃഹനാഥൻ ഷാജിയ്ക്ക് താക്കോൽ കൈമാറി. പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീ ജോയ് മാഞ്ചേരിയും വാർഡ് മെമ്പർ ശ്രീ അൻഷാദ് കുറ്റിയാനിയും തദവസരത്തിൽ അതിഥികളായി പങ്കെടുത്തു.

മൈൻഡ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ബാഡ്മിന്റൺ, ക്രിക്കറ്റ് ടൂര്ണമെന്റുൾ, കലോത്സവം എന്നിവയിൽ നിന്നുള്ള നീക്കിയിരുപ്പും, മൈൻഡ് കമ്മിറ്റി അംഗങ്ങളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായവുമാണ്  സ്‌നേഹവീടിന്റെ മൂലധനം. മൈൻഡിന്റെ ഈ ഉദ്യമത്തിൽ നല്ലവരായ അനേകം മലയാളികളും പങ്കുചേർന്നു.

മാനുഷികമൂല്യങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന നേതൃത്വവും അതനുസരിച്ചു പ്രവർത്തിച്ച സബ്‌കമ്മിറ്റിയുമാണ് ഒരു പരാതികൾക്കും ഇടനൽകാതെ ഈ പദ്ധതി പൂർത്തിയാക്കിയത്. തുടക്കം മുതൽ ചാരിറ്റിപ്രവർത്തനങ്ങൾക്കു മുൻ‌തൂക്കം നൽകിവരുന്ന മൈൻഡ് ഇനിയും അർഹരായവർക്ക്‌ സഹായം എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. നാളിതുവരെ മൈൻഡിന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതിനൊപ്പം ഇനിയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: